Header Ads

  • Breaking News

    ‘പുതിയ തലമുറ എത്രത്തോളം വഴിതെറ്റിപ്പോയി എന്ന് നിമിഷയുടെ കഥാപാത്രം കാണിച്ചു തരുന്നു’; വൈറൽ കുറിപ്പ്

    സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഹിന്ദു മതത്തേയും മതാചാരങ്ങളെയും അപമാനിക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഉയരുന്ന വ്യാപക പ്രതിഷേധ സ്വരങ്ങളെല്ലാം ആക്ഷേപഹാസ്യ രൂപത്തിൽ ഒരു ആർജെ സലിം കുറിച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പോസ്റ്റിങ്ങനെ:

    വളരെ വൈകിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കാണാൻ സാധിച്ചത്. വീട്ടുകാര്യങ്ങളിലും പിള്ളേരുടെ കാര്യങ്ങളും ചേട്ടന്റെ കാര്യങ്ങളും പിന്നെ ഷൂട്ടുമൊക്കെയായി നല്ല തിരക്കിലായിരുന്നു. പക്ഷെ കണ്ട ശേഷം ചിലത് പറയാതെ പോകാനാവുന്നില്ല. അത്രയ്ക്ക് ഉള്ളു നീറുന്നുണ്ട്. ഓരോ പെണ്ണും ആഗ്രഹിക്കുന്നത് തന്നെ ഭരിക്കുന്ന, തന്റെ ഇഹ-പര ലോകങ്ങളുടെയും ഈശ്വരനായ ഒരു പുരുഷൻ ഭർത്താവായി വരണമെന്നാണ്. അദ്ദേഹത്തിന് ദാസ്യപ്പെടാൻ, അദ്ദേഹത്തിന്റെ പാദങ്ങൾ ചുംബിക്കാൻ, അദ്ദേഹത്തിന്റെ വംശ പരമ്പരകൾ മുന്നോട്ടു നയിക്കാൻ അവൾ കൊതിക്കുന്നു.

    പക്ഷെ പുതിയ തലമുറ എത്രത്തോളം വഴിതെറ്റിപ്പോയി എന്ന് നിമിഷയുടെ കഥാപാത്രം കാണിച്ചു തരുന്നു. അവൾക്ക് ചമ്മന്തി, കല്ലിൽ അരയ്ക്കാൻ മടിയാണത്രെ. തുണി, കൈകൊണ്ട് അലക്കാൻ ബുദ്ധിമുട്ടാണ് പോലും. ഇവളെയൊക്കെ വളർത്തിയ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ. ഇവളുമാരെയൊക്കെ എന്റടുത്തോട്ടേയ്ക്ക് വിടണം. ഞാൻ പഠിപ്പിച്ചു കൊടുക്കാം ഒരു ഭാര്യയുടെ കടമ എന്താണെന്ന്. ഭർത്താവിന്റെ എച്ചിലെടുക്കുന്നതിനേക്കാൾ പുണ്യം ഈ ലോകത്തിലെന്താണ് കുട്ടി ?അദ്ദേഹത്തിന്റെ ഷഡ്ഢി കഴുകുന്നതിൽപ്പരം ആനന്ദം വേറെയുണ്ടോ മോളെ ഈ ലോകത്തു ?അദ്ദേഹത്തിന്റെ അച്ഛന്റെ മുഷിഞ്ഞ തുണികൾ മെല്ലെമെല്ലെ കഴുകുന്നതിലും വലിയ സദ് പ്രവർത്തി എന്താണ് വേറെ ? അതിന്റെയൊന്നും മാഹാത്മ്യം കാണാതെ അവളിരുന്നു പരാതി പറയുന്നു ! നാണമില്ലേ നിനക്ക് ? പൊട്ടിയ സിങ്കിന്റെ പേരും പറഞ്ഞു നീയെത്ര തവണയാണ് സുരാജിന്റെ കഥാപാത്രത്തെ ബുദ്ധിമുട്ടിച്ചത്.


    അത് ഓരോ തവണ കാണുമ്പോഴും എനിക്ക് പെരുവിരലിൽ നിന്ന് ദേഷ്യം ഇരച്ചു കേറുന്നുണ്ടായിരുന്നു. നീയാരാണെന്നാണ് നിന്റെ വിചാരം ? മഹാറാണിയോ ? ഒരുമ്പെട്ടോള് ! ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തിയ സ്വന്തം ഭർത്താവിന്റെ കാലുകൾ മസാജ് ചെയ്തു കൊടുക്കാതെ, അദ്ദേഹത്തിനൊരു സർബത്തു പോലും ഉണ്ടാക്കി കൊടുക്കാതെ അവളുടെ ഒരു പരാതി പറച്ചിൽ !!നിന്റെ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ ! സിങ്ക് പൊട്ടുന്നതിലെന്താണ് ഇത്ര ആനക്കാര്യം ? ദിവസം നാല് ചാക്ക് മാറ്റിയിടുന്നതിലെന്താണ് നിനക്കിത്ര ബുദ്ധിമുട്ട് ? അടുക്കളയിൽ എച്ചിൽ വെള്ളം വീഴുന്നുണ്ടേൽ അത് വൃത്തിയാക്കിയാൽ പോരെ…

    അവളൊരു പരിഷ്‌കാരി വന്നേക്കുന്നു. ഞാനൊക്കെ അടുക്കള ഇടിഞ്ഞു വീണാൽപ്പോലും വീട്ടിലെ പുരുഷന്മാരെ അറിയിക്കാറില്ല. അങ്ങനെ വേണം പെണ്ണുങ്ങളായാൽ. അല്ല നീയാരെന്നാണ് നിന്റെ വിചാരം ? നിന്നെയും കൊണ്ട് വലിയ റെസ്റ്റോറന്റിൽ കഴിക്കാൻ പോയ നേരത്തു പോലും നീ നിന്റെ സ്വന്തം ഭർത്താവിനെ അപമാനിച്ചു. മാനേഴ്സ് പോലും. ഞാൻ അപ്പോളവിടെ ഉണ്ടായിരുന്നെങ്കിൽ അടിച്ചു നിന്റെ പല്ലു കൊഴിച്ചേനെ. സുരാജ് ആയതുകൊണ്ട് ക്ഷമിച്ചു. നിനക്കാ വലിയ മനസ്സ് കാണാൻ പറ്റിയില്ലല്ലോ. നിന്നെ ഒരുത്തിയെ കാരണമാണ് ഭർത്താവിന്റെ അച്ഛന് സ്വന്തം ചെരിപ്പ് കൈകൊണ്ടു തൊടേണ്ടി വന്നത്.

    അദ്ദേഹത്തിനോട് നീ മാപ്പ് പോലും പറഞ്ഞില്ല. നീ ആർത്തവ സമയത്തു ആരുടേയും കണ്മുന്നിൽ പെടാതെ ഇരുട്ടുമുറിയിൽ കേറി അടച്ചിരിക്കാതെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കി, അടി വസ്ത്രങ്ങൾ മറ്റുള്ളവർ കാണുന്ന വിധത്തിൽ അലക്കിയിട്ടു, ആ മുറ്റത്തെ തുളസിയെ വരെ നീ അശുദ്ധപ്പെടുത്തി. പെണ്ണ് അശുദ്ധയാണെന്നു നിന്നെയാരും പഠിപ്പിച്ചിട്ടില്ലെടി എരണം കെട്ടവളേ ? നിന്നെ കെട്ടിയ സുരാജിനെ പറഞ്ഞാൽ മതിയല്ലോ. നിന്റെയൊക്കെ തലയിൽ എത്ര നെയ്ത്തേങ്ങ എറിഞ്ഞാലാണ് നിനക്കൊക്കെ മോക്ഷം ലഭിക്കുക.

    പിന്നെന്തായിരുന്നു നിനക്കു വേണ്ടത്… ആ ഫോർപ്ളേ !! അഹങ്കാരി !! ഭർത്താവിനോട് ചോദിയ്ക്കാൻ പറ്റിയ കാര്യമാണോടി അത് ? അദ്ദേഹത്തിന്റെ മനസ്സെത്ര വേദനിച്ചു കാണും. നിന്നെയൊക്കെ കണ്ടാൽ അദ്ദേഹത്തിന് വല്ലതും തോന്നണ്ടേ… അതിൽ അദ്ദേഹം പറഞ്ഞതിലെന്താണ് തെറ്റ്. ഓ അവളുടെ ഒരു മുതലക്കണ്ണീര്. ഇച്ചിരി തൊലി വെളുപ്പെങ്കിലുമുണ്ടോ നിനക്ക് ഇതൊക്കെ പറയാൻ ? നീ ഇറങ്ങിപ്പോയതോടെ ആ വീട്ടിൽ ലക്ഷ്‌മിയാണ് തിരികെ വന്നത്. എന്ത് ഐശ്വര്യമാണ് അവസാനം ആ വീട് കാണിക്കുമ്പോൾ. നിന്നെപ്പോലൊരു മൂദേവിയെ അത്ര നാളും സഹിച്ച അവരെപ്പറഞ്ഞാൽ മതിയല്ലോ.

    വളരെ വൈകിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കാണാൻ സാധിച്ചത്. വീട്ടുകാര്യങ്ങളിലും പിള്ളേരുടെ കാര്യങ്ങളും ചേട്ടന്റെ…

    Posted by RJ Salim on Wednesday, January 20, 2021

    ആട്ടക്കാരിയായ നീ ഒടുവിൽ അങ്ങനെ തന്നെയായി മാറിയെന്നും സംവിധായകൻ കാണിച്ചു തരുന്നുണ്ട്. ഭർത്താവിനെ അനുസരിക്കാത്ത, ഭർത്താവിന്റെ അച്ഛനെക്കൊണ്ടു ചെരുപ്പ് ചുമപ്പിച്ച, അവരുടെ മേൽ അഴുക്കുവെള്ളം ഒഴിച്ച നിന്നെപ്പോലൊരു ആട്ടക്കാരിക്ക് അങ്ങനെ തന്നെ പതനം സംഭവിക്കും എന്ന് കണ്ടപ്പോഴാണ് എന്റെ നീറ്റൽ ഒന്നടങ്ങിയത്. പുരുഷനെ ബഹുമാനിക്കാത്ത സ്ത്രീകളുടെ വിധി എന്താണെന്നാണ് പുതിയ തലമുറ കാണട്ടെ.. നിന്നെപ്പോലുള്ള പുരോഗമനം തലയ്ക്ക് പിടിച്ച ശവങ്ങൾക്ക് ഇതൊരു പാഠമായിരിക്കട്ടെ. സ്ത്രീ എത്ര വലുതായാലും ആണിന്റെയൊപ്പം വരില്ലടി മൂദേവി. പുരുഷന്റെ എച്ചിൽ നക്കാനുള്ള യോഗ്യത പോലും നിനക്കില്ലാതെ പോയതിൽ നിന്നോട് പുച്ഛം മാത്രം. ഇനിയെങ്കിലും നീ പുരുഷനെ ബഹുമാനിക്കാൻ പഠിക്ക്. ഇപ്പോഴും സമയമുണ്ട്. സ്വന്തം ചേച്ചി പറഞ്ഞു തരുകയാണെന്നു കരുതിയാൽ മതി. എന്ന് സസ്നേഹം ആനി ചേച്ചി.

     

    No comments

    Post Top Ad

    Post Bottom Ad