പാലാ സീറ്റ് തര്‍ക്കം: എന്‍സിപി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും
എന്‍സിപിയിലെ തര്‍ക്കം തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രനും മാണി സി കാപ്പന്‍ എംഎല്‍എയുമായി മുഖ്യമന്ത്രി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.
പാലാ സിറ്റ് കിട്ടിയില്ലെങ്കില്‍ എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപിയിലെ ഒരുവിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍, മന്ത്രി എ കെ ശശീന്ദ്രന്‍, പാലാ എംഎല്‍എ മാണി സി കാപ്പന്‍ എന്നിവരുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.
പാലായില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മാണി സി കാപ്പനും സീറ്റിന്റെ കാര്യത്തില്‍ കടുംപിടുത്തം വേണ്ടെന്ന് ശശീന്ദ്രനും നിലപാടെടുത്തതോടെ ഇരുവരുമായും മുഖ്യമന്ത്രി വെവ്വേറെ നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞിരുന്നു. ഇന്ന് നടക്കുന്ന ചര്‍ച്ചയും അലസിപ്പിരിയുകയാണെങ്കില്‍ പാലായെച്ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പുണ്ടാവാനാണ് സാധ്യത കൂടുതല്‍. പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പുവേണമെന്ന ആവശ്യമാണ് പീതാംബരനും കാപ്പനും ഉന്നയിക്കുന്നത്. സീറ്റിന്റെ പേരില്‍ തര്‍ക്കത്തിനില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നുമാണ് ശശീന്ദ്രന്‍ സിപിഎമ്മിനെ അറിയിച്ചത്.
40 വര്‍ഷത്തോളം പോരാടി നേടിയ സീറ്റാണ് പാലയെന്നും അത് വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും എന്‍സിപി ഇല്ലെന്നുമായിരുന്നു മാണി സി കാപ്പന്റെ നിലപാട്. വഴിയെ പോന്നവര്‍ക്ക് നല്‍കാനുള്ളതല്ല പാലാ സീറ്റെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റ് ചര്‍ച്ച പിന്നീടാവാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പിളര്‍പ്പ് ഒഴിവാക്കി എന്‍സിപിയെ ഇടതുമുന്നണിയുടെ ഭാഗമാക്കി നിര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.
പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ ഇടതുമുന്നണിയില്‍ തുടരേണ്ടെന്ന ഒരു പൊതുധാരണ എന്‍സിപിയില്‍ ഒരുവിഭാഗത്തിനുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ടി പി പിതാംബരന്‍ അടക്കം ഇത്തരത്തിലുള്ള സൂചന നേരത്തെ നല്‍കിയിട്ടുമുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് വന്നപ്പോള്‍ പാലാ സീറ്റില്‍ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍, അത് സിപിഎം നിഷേധിക്കാതിരുന്നത് ജോസിന് പാലാ വിട്ടുകൊടുക്കാമെന്ന് കരുതിയാണ്. ഇത് തങ്ങളോട് കാട്ടിയ നീതിനിഷേധത്തിന്റെ ഭാഗമാണെന്നാണ് ടി പി പീതാംബരന്‍ അടക്കമുള്ളവരുടെ വാദം.
No comments
Post a Comment