പെണ്ണുകേസിൽ പെട്ടവർ പാർട്ടിക്ക് ജീവൻ, അഴിമതിക്കാർക്ക് റിട്ടേൺ ടിക്കറ്റ്; എത്തിക്സ് നോക്കണ്ടെന്ന് സി.പി.എം!
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ആവേശം തുടർന്നുമുണ്ടാകുമെന്ന ചിന്തയിലാണ് സി പി എം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം സി പി എമ്മിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അധികാരം തുടരാൻ കഴിയുമെന്ന നിഗമനത്തിലാണ് പാർട്ടി. ഇതുസബന്ധിച്ച് ചർച്ചകളും വിലയിരുത്തലുകളുമായി മുന്നോട്ട് നീങ്ങുകയാണ് പാർട്ടി. ഭരണത്തുടർച്ചയാണ് സി പി എം ലക്ഷ്യം വെയ്ക്കുന്നത്. അതിനായി എത്തിക്സിനെ എല്ലാം തൽക്കാലത്തേക്ക് പഠിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങളും പോളിസികളുമെല്ലാം മറന്നു കൊണ്ട് വ്യത്യാസമേതുമില്ലാതെ എല്ലാ അണികളെയും ഒരുപോലെ ചേർത്തുനിർത്തുകയാണ് സി പി എം. പെണ്ണുകേസിൽ പെട്ട് പുറത്തായവരേയും അഴിമതി ആരോപണത്തിൽ സംശയത്തിന്റെ നിഴലിൽ വന്നവരും അഴിമതിക്കേസിൽ പെട്ട് പാർട്ടിയെ ഞെട്ടിച്ചവരുമെല്ലാം തിരിച്ചെത്തിയിരിക്കുകയാണ്. ഇവർക്കെല്ലാം പാർട്ടി റിട്ടേൺ ടിക്കറ്റ് നൽകി കഴിഞ്ഞു.
പാർട്ടിയിലെ വിവാദനായകന്മാരെല്ലാം വീണ്ടും സജീവമായി കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി അതികഠിനമായി പ്രയത്നിച്ചാൽ ഇവരെ വേണ്ടരീതിയിൽ പരിഗണിക്കാമെന്ന് വാക്ക് പാർട്ടി നൽകിയതായാണ് സൂചന. പാർട്ടി തേച്ച് മിനുക്കിയെടുക്കുക എന്ന പണിപ്പുരയിലാണ് സി പി എം. ആരെയും പിണക്കാതെ മുന്നോട്ടു പോകാനാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം
പാർട്ടിയെ നാണം കെടുത്തിയ വിവാദമായിരുന്നു പി.കെ. ശശി ഉണ്ടാക്കിയത്. ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരികെ എടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെ സക്കീർ ഹുസൈനെ കളമശേരിയിലേക്കും തിരികെ എടുത്തു. ഈ ഇളവ് ഇവർക്ക് മാത്രമല്ല, സമാന സാഹചര്യങ്ങളിൽ പല ജില്ലകളിലും അച്ചടക്ക നടപടിക്കു വിധേയരായ എല്ലാവർക്കും കൃത്യമായ പരിഗണന നൽകാൻ തന്നെയാണ് പാർട്ടി നിലപാട്.
താഴേത്തട്ടിൽ മാത്രമല്ല, മുന്നണിയിലും ഈ മാറ്റങ്ങൾ വ്യക്തമാണ്. വിവാദങ്ങളെല്ലാം മറന്ന് ജോസ് കെ മാണിയെ സിപിഎം സ്വീകരിച്ചു കഴിഞ്ഞത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. ബാർകോഴയുടെ പേരിൽ കെ എം മാണി നഖശിഖാന്തം എതിർത്തവരാണ് ഇപ്പോൾ ജോസ് കെ മാണിയുടെ തോളിൽ കൈയ്യിട്ട് നടക്കുന്നത്.
No comments
Post a Comment