Header Ads

  • Breaking News

    വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മോഷ്ടാവിനെ വീട്ടമ്മയും മകളും സ്കൂട്ടറിൽ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു

     


    ആലുവ: 

    വാടകയ്ക്ക് നല്‍കിയ കെട്ടിടത്തില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചയാളെ വീട്ടുടമയായ യുവതിയും മകളും സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടന്‍ വേലായുധനെയാണ് (25) ആലുവ ജില്ലാ ആശുപത്രി വളപ്പില്‍ നിന്നും പിടികൂടിയത്.

    എടയപ്പുറം മുസ്ളീംപള്ളിക്ക് സമീപം മാനാപ്പുറത്ത് വീട്ടില്‍ അഡ്വ. അബ്ദുള്‍ റഹ്മാന്റെ ഭാര്യ ഷൈല റഹ്മാന്‍, മകള്‍ സൈറ സുല്‍ത്താന എന്നിവരാണ് താരങ്ങളായത്. ഷൈല താമസിക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന് ഇരുപതോളം അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നുണ്ട്. ഏഴ് മണിയോടെ അപരിചിതനായ ഒരാള്‍ വാടകക്കെട്ടിടത്തില്‍ നിന്നും ഇറങ്ങി ഓടുന്നത് ഷൈലയുടെ ശ്രദ്ധയില്‍പ്പെട്ടു.

    കറുത്ത ബര്‍മുഡ, ടീ ഷര്‍ട്ട് എന്നിവയാണ് ധരിച്ചിരുന്നത്. മാസ്‌കും കറുത്തതായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന മകന്‍ സല്‍മാനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. തുടര്‍ന്നാണ് ഒന്‍പതാം ക്ലാസുകാരിയായ മകളുമായി ഷൈല സ്‌കൂട്ടറില്‍ പിന്തുടര്‍ന്നത്.

    കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച്‌ ആളെ കണ്ടെങ്കിലും പ്രതി ജില്ലാ ആശുപത്രിയിലേക്ക് നീങ്ങി. ഷൈലയും പിന്തുടര്‍ന്നു. ആശുപത്രിയില്‍ വച്ച്‌ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കുതറിയോടി. 15 മിനിറ്റിന് ശേഷം പ്രസവ വാര്‍ഡിന് സമീപത്തുനിന്നും ഇറങ്ങിവന്നപ്പോള്‍ മാറിനിന്നിരുന്ന ഷൈലയും മകളും ഇതിനിടെ എത്തിയ മകന്‍ സല്‍മാനും ചേര്‍ന്ന് പ്രതിയെ വളഞ്ഞു.

    തുടര്‍ന്ന് ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറി. ഇയാളില്‍ നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെത്തിയതോടെയാണ് ഫോണ്‍ മോഷ്ടിച്ച്‌ ഓടിയതാണെന്ന് മനസിലായത്. പ്രതിയെ ആലുവ കോടതി റിമാന്‍ഡ് ചെയ്തതായി ആലുവ സി.ഐ പി.എസ്. രാജേഷ് അറിയിച്ചു.




    No comments

    Post Top Ad

    Post Bottom Ad