Header Ads

  • Breaking News

    വാദം പൊളിയുന്നു; അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിർണായക വെളിപ്പെടുത്തൽ

    കടയ്ക്കാവൂര്‍: അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ സിഡബ്ള്യുസി(CWC) ചെയര്‍പേഴ്സന്‍റെ വാദം പൊളിയുന്നു. കേസില്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന ചെയര്‍പേഴ്‍സന്‍റെ കഴിഞ്ഞ ദിവസത്തെ വാദത്തിനെതിരാകുകയാണ് സിഡബ്ള്യുസി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്. പോലീസ് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത് സിഡബ്ള്യുസി റിപ്പോര്‍ട്ട് ലഭിച്ച ശേഷമെന്ന് വ്യക്തമായി. കുട്ടിയെ സിഡബ്ള്യുസിക്ക് കീഴില്‍ കൗണ്‍സിലിംഗ് നടത്തിയതില്‍ അമ്മക്കെതിരായ നല്‍കിയ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. കൗണ്‍സിലിംഗ് നടന്നത് നവംബര്‍ 13 നാണ്. എന്നാല്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത് നവംബര്‍ 30 നും. തുടര്‍ന്ന് കടയ്ക്കാവൂര്‍ പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ 18നാണ്.

    അതേസമയം കേസില്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ വാദം. കേസില്‍ വിവരം നല്‍കിയാളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായില്ലെന്ന് സി.ഡബ്യു.സി ചെയര്‍പേഴ്സണ്‍ അഡ്വക്കറ്റ് എന്‍. സുനന്ദ പറഞ്ഞിരുന്നു. കുട്ടിയെ കൗണ്‍സിലിങ് നടത്തിയത് സി.ഡബ്യു.സിയിലെ സോഷ്യല്‍ വര്‍ക്കറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസ് ആണിത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാലിത് കള്ളക്കേസ് ആണെന്നും കുട്ടിയുടെ പിതാവിന് മറ്റൊരു വിവാഹം കഴിക്കാന്‍ കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയുമായിരുന്നുവെന്ന് ആരോപിച്ച്‌ യുവതിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരയായ കുട്ടിയുടെ ഇളയസഹോദരനും അമ്മയ്ക്കനുകൂലമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇരയായ കുട്ടിയും കുട്ടിയുടെ മൂത്ത സഹോദരനും അമ്മയ്ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ ഐജിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയാണ് അന്വേഷണം നടത്തുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad