ഷോക്കേറ്റ് മരിച്ച അഞ്ജനയുടെ കുടുംബത്തിന് ‘ശാന്തിഭവനം’ വീടൊരുക്കും
ഓൺലൈൻ പഠനത്തിന് മോബൈൽ ചാർജ് ചെയ്യുന്നതിനിടയിൽ വൈദ്യുതി ഷോക്കേറ്റ് മരിച്ച ആറാം ക്ലാസ് വിദ്യാർഥിനിയുടെ കുടുംബത്തിന് ലാൽ കെയേർസ് കുവൈറ്റും വിശ്വശാന്തിയും ചേർന്ന് വീട് നിർമിച്ചു നൽകും. ടാർപാളിൽ മറച്ച കൂരയിലെ താൽക്കാലിക വൈദ്യുതി കണക്ഷനിൽ നിന്നായിരുന്നു അഞ്ജനയ്ക്ക് ഷോക്കേറ്റത്.
ലാൽ കെയേർസ്സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും സഹകരിച്ചു വിശ്വശാന്തി – ലാൽ കെയേഴ്‌സ് “ശാന്തിഭവനം” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിക്കുന്നത്. കൊല്ലം ജില്ലയിൽ വെളിയം പഞ്ചായത്തിലെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസ്-അനിത ദമ്പതികളുടെ മകളാണ് അഞ്ജന. അജ്ഞനയുടെ മരണത്തോടെയാണ് കുടുംബത്തിന്റെ ദയനീയ സ്ഥിതി വാർത്തയിൽ വന്നത്. ഇത് കണ്ടാണ് ഇവർക്ക് വീട് പണിത് നൽകാൻ ലാൽകെയേർസ്സ് കുവൈറ്റ് പ്രതിനിധികൾ സന്നദ്ധത അറിയിച്ചത്.
മകളുടെ സ്ഥിതി ഇനിയുള്ള ഏക മകനായ അജോയ്ക്കും വരരുതെന്ന് പിതാവിന്റെയും മാതാവിന്റെയും ആഗ്രഹം സഫലമാക്കാൻ സ്വമേധയാ അറിയിക്കുകയായിരുന്നു. വീട് പണിയുന്നതിന്റെ ഭാഗമായി താൽക്കാലിക കൂര പൊളിച്ചു മാറ്റി നിർമാണ പരിപാടികൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ജോസ്-അനിത ദമ്പതികളുടെ വീട് എന്ന് സ്വപ്നം യാഥാർഥ്യമാകുകയാണ്. കാണാൻ പൊന്നോമന മകൾ മാത്രമില്ല.
വർഷങ്ങളോളം സർക്കാരിന്റെ ധനസഹായത്തിന് കാത്തിരുന്നിട്ടും പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ടെതിനാൽ കാത്തിരിപ്പ് വിഫലമായി. ഒരു വീടിനുവേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകൾ ഇല്ല. നിയമ തടസ്സങ്ങളായിരുന്നു ഇതുവരെ.
No comments
Post a Comment