Header Ads

  • Breaking News

    പെരുമ്പ, കുപ്പം, രാമപുരം പുഴകളിൽ ഇനി തെളിനീരൊഴുകും…



    മാനിന്യമുക്തമായി, തെളിനീരഴകോടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ജില്ലയിലെ മൂന്ന് നദികള്‍. രാമപുരം, പെരുമ്പ, കുപ്പം പുഴകളാണ് ഇനി മാലിന്യമുക്തമാകുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെപലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കിഡ്ക്) പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.  പുഴകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.

    ദേശീയ ഹരിത ട്രൈബ്യൂണല്‍ രാജ്യത്തെ മലിനമായ നദികളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 21 പുഴകളെ തെരഞ്ഞെടുത്തത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജല വിഭവ വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വ കേരള മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരെ ഭാഗമാക്കിയാണ് പ്രവര്‍ത്തനം. തെരെഞ്ഞെടുത്ത മൂന്ന് നദികളെക്കുറിച്ചും അവയുടെ കൈവഴികളെക്കുറിച്ചും പഠിക്കുന്നതിന് വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ഥികളെ നിയോഗിച്ചിട്ടുണ്ട്. സിഇടി എഞ്ചിനീയറിംഗ് കോളേജ്, ശ്രീനാരായണ എഞ്ചിനീയറിംഗ് കോളേജ്, വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയാണ് പഠനത്തിന് നിയോഗിച്ചിട്ടുള്ളത്.
    പുഴകളിലെ മലിനീകരണ തോത് കണ്ടെത്തുന്നതിനായി വിദ്യാര്‍ഥികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം പുഴകള്‍ സന്ദര്‍ശിച്ച് സര്‍വ്വേ റിപ്പാര്‍ട്ട് തയ്യാറാക്കും. എല്ലാ മാസവും പുഴകളുടെ എന്നിവയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജലം ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി ജലത്തിലെ ഇകോളി ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം പരിശോധിക്കും. ഇത്തരം പഠനത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുഴയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. വിശദമായ ഡിപിആര്‍ ഫെബുവരി അവസാനത്തോടെ സംസ്ഥാന നിരീക്ഷണ സമിതിക്ക് സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും ബാക്കി നടപടികള്‍. പുഴയിലെ വെള്ളത്തിന്റെ ബിഒഡി ( ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ്) മൂന്ന് മില്ലി ഗ്രാം പെര്‍ ലിറ്റര്‍ എന്ന അളവില്‍ എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാവും കൈക്കൊള്ളുകയെന്ന് ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബേസില്‍ ജെര്‍മിയാസ് അറിയിച്ചു.

    രാമപുരം പുഴ, പെരുമ്പ പുഴ, കുപ്പം പുഴ

    ജില്ലയില്‍ ഒഴുകുന്ന ഒമ്പത് പുഴകളില്‍ മലിനീകരണം ഏറ്റവും കൂടുതലുള്ള പുഴകളാണ് രാമപുരം, പെരുമ്പ, കുപ്പം പുഴകള്‍. കുപ്പം പുഴയ്ക്ക് 82 കിലോ മീറ്റര്‍ നീളവും പെരുമ്പം പുഴയ്ക്ക് 51 കിലോ മീറ്റര്‍ നീളവും രാമപുരം പുഴയ്ക്ക് 19 കിലോ മീറ്റര്‍ നീളവുമാണുള്ളത്. രാമപുരം പുഴയാണ് ജില്ലയിലെ ഏറ്റവും നീളം കുറഞ്ഞ പുഴ. എന്നാല്‍ ഏറ്റവും മലിനീകരിക്കപ്പെട്ടതും ഈ ചെറിയ പുഴയാണ്. പുഴ ഒഴുകുന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യം, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം, അറവ് മാലിന്യം എല്ലാം ഒഴുക്കി വിടുന്നത് പുഴകളിലേക്കാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത് കുപ്പം പുഴ ഒഴുകുന്ന കുപ്പം പ്രദേശത്താണ്.
    ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വയലപ്ര സ്ഥിതി ചെയ്യുന്നത് രാമപുരം പുഴയിലാണ്. നിരൊഴുക്ക് കുറഞ്ഞ പുഴയായതിനാല്‍ മാലിന്യ നിക്ഷേപവും നടക്കുന്നുണ്ട്.
    2015 ല്‍ ഗംഗാ നദിയിലെ മലനീകരണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന് ലഭിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ എല്ലാ നദികളിലും നടക്കുന്ന മലിനീകരണം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുന്നതിന് ഓരോ സംസ്ഥാനത്തും നിരീക്ഷണ സമിതിയെ നിയോഗിക്കുന്നത്.  ജില്ലാ കളക്ടര്‍ ഇതിന്റെ ചെയര്‍മാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ എഞ്ചിനീയര്‍ ഇതിന്റെ കണ്‍വീനറുമാണ്.
    ജല വിഭവ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ ജലസേചന യൂണിറ്റുകളുടെ വളര്‍ച്ചയ്ക്കായി രൂപീകരിച്ച കമ്പനിയാണ് കിഡ്ക്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad