‘വിവേകം വേണം’; ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികൾ ഓരോന്നായി യാഥാർഥ്യമാകുന്നതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കിയ പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇതോടൊപ്പം ഉദ്ഘാടനത്തിന് മുന്നേ പാലം തുറന്ന വി 4 കേരളക്കും വിമർശിച്ച ജസ്റ്റിസ് കെമാൽ പാഷയ്ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. പ്രതിസന്ധികളുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി. രാവിലെ 9.30-ഓടെ ഓൺലൈനായാണ് വൈറ്റില പാലത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.
എന്നാൽ ‘പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിൽക്കാതെ പദ്ധതികൾ വിജയിക്കുമ്പോൾ അസ്വസ്ഥപ്പെടുന്നവർ’ എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനവിവാദങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. ”ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഒരു പ്രശ്നമുണ്ടായാൽ ഇവരുണ്ടാകില്ല. പദ്ധതി പണമില്ലാതെ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോൾ ഇവർക്ക് ആത്മരോഷമുണ്ടായില്ല. അഴിമതിയുടെ ഫലമായി തൊട്ടടുത്തുള്ള ഒരു പാലത്തിന് ബലക്കുറവ് അനുഭവപ്പെട്ടപ്പോഴും ഇവരെ എവിടെയും കണ്ടില്ല. എന്നാൽ മുടങ്ങിയ പദ്ധതി പ്രതിസന്ധികൾ മറികടന്ന് പൂർത്തീകരിച്ചപ്പോൾ കുത്തിത്തിരിപ്പുമായി ഇവർ പ്രത്യക്ഷപ്പെടുന്നത് നാട് കണ്ടു. പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്ന ഒരു ചെറിയ ആൾക്കൂട്ടം മാത്രമാണിവർ. ഇത് നാട്ടിലെ ജനതയല്ല എന്ന് മനസ്സിലാക്കണം. ഇവരെ ജനാധിപത്യവാദികൾ എന്ന് വിളിക്കുന്നതിനെ കപടത മനസ്സിലാക്കണം”, എന്ന് മുഖ്യമന്ത്രി.
അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷപരാമർശം നടത്തിയ ജസ്റ്റിസ് കെമാൽ പാഷയ്ക്ക് എതിരെയും പേരെടുത്ത് പറയാതെ, പരോക്ഷവും രൂക്ഷവുമായ വിമർശനം മുഖ്യമന്ത്രി നടത്തി. ”നീതിപീഠത്തിൽ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ, ഇത്തരം ചെയ്തികൾക്ക് കുട പിടിക്കാൻ ഒരുങ്ങിയാലോ, ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചാലോ, സഹതപിക്കുക മാത്രമേ നിർവാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാൻ വേണ്ട വിവേകം അവർക്കുണ്ടാകട്ടെ”, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
No comments
Post a Comment