Header Ads

  • Breaking News

    ഒരു ജനപ്രതിനിധി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാൻ ഈ സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ട്…

    പാലക്കാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അവരവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ് എന്നും ഫിറോസ് പറഞ്ഞു.

    ‘ ഒരു ജനപ്രതിനിധി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ സമൂഹത്തിന് വേണ്ടി ഞാന്‍ ചെയ്യുന്നുണ്ട്. അതു കൊണ്ടു തന്നെ ഒരു രാഷ്ട്രീയക്കാരനാകാനോ അല്ലെങ്കില്‍ ഒരു പാര്‍ട്ടി വച്ചു നീട്ടുന്ന സീറ്റില്‍ മത്സരിക്കാനോ എന്ന രീതിയിലല്ല, മറിച്ച്‌ ഞാന്‍ മത്സരിക്കണോ വേണ്ടയോ, ഞാനെന്ത് ചെയ്യണം എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്’ – ഫിറോസ് പറഞ്ഞു.

    എന്നാൽ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ നിരസിക്കുമോ എന്ന ചോദ്യത്തിന്, ‘ഞാന്‍ ഇന്നൊരു വ്യക്തിയല്ല, ലക്ഷക്കണക്കിന് ആളുകള്‍ സ്‌നേഹിക്കുന്ന, പിന്തുണ നല്‍കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഒരാളാണ്. അതു കൊണ്ടു തന്നെ എന്റെ കാര്യങ്ങളെ കുറിച്ച്‌ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ എനിക്ക് എന്റേതായ ആളുകളുമായി സംസാരിക്കണം. അതിനേക്കാള്‍ അപ്പുറത്ത് ജനങ്ങളാണ് ഇക്കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കേണ്ടത്. അവരുമായി ആലോചിച്ച്‌ അവരുടെ അഭിപ്രായം അനുസരിച്ച്‌ മാത്രമായിരിക്കും കാര്യങ്ങളുമായി മുമ്പോട്ടു പോകുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

    അതേസമയം തവനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന്, വ്യക്തിപരമായി തനിക്കൊരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. ലക്ഷക്കണക്കിന് ആളുകള്‍ കൂടെനില്‍ക്കുന്ന, സ്‌നേഹിക്കുന്ന ഒരാളായി മാറിയ സ്ഥിതിക്ക് അവരോട് ചോദിക്കേണ്ടി വരും എന്ന് അദ്ദേഹം മറുപടി നല്‍കി. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച്‌ അന്വേഷിക്കാനുള്ള സമയം കിട്ടിയില്ല. ഇക്കാര്യത്തില്‍ ആധികാരികമായി ആരും സമീപിച്ചിട്ടില്ല. ഇതുവരെ ആരും തന്നെ സമീപിച്ചിട്ടുമില്ല- ഫിറോസ് കൂട്ടിച്ചേര്‍ത്തു.

     

    No comments

    Post Top Ad

    Post Bottom Ad