Header Ads

  • Breaking News

    ‘തനിക്ക് സംരക്ഷണം നല്‍കാന്‍ പോലീസുകാര്‍ക്ക് എന്താ ഇത്ര മടി’: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

    കോഴിക്കോട്: തനിക്ക് സംരക്ഷണം നല്‍കാന്‍ പോലീസുകാര്‍ മടി കാട്ടുന്നുവെന്നാരോപിച്ച്‌ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വഴിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ അത് തടയാന്‍ കഴിയുന്നത്ര ദൂരത്തിലല്ല പോലീസുകാര്‍ ഉള്ളതെന്നും ബിന്ദു അമ്മിണി പറയുന്നുണ്ട്. താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളും കറുത്ത നിറക്കാരിയും ആയതിനാലാണ് പൊലീസുകാര്‍ തന്നോട് ഇത്തരത്തില്‍ വിവേചനം കാട്ടുന്നതെന്നും അവര്‍ സൂചിപ്പിക്കുന്നു. കുറിപ്പിനൊപ്പം തന്റെയൊപ്പം പൊലീസുകാര്‍ നില്‍ക്കുന്നതിന്റെ ചിത്രവും ബിന്ദു അമ്മിണി നല്‍കിയിട്ടുണ്ട്.

    പോസ്റ്റിന്റെ പൂർണ രുപം…

    ‘എനിക്ക് കേരള പോലീസ് നല്‍കിയിരിക്കുന്ന പ്രൊട്ടക്ഷന്‍ വളരെ രസകരമാണ്. എന്നെ പോലെ ഒരാള്‍ക്ക്‌ പ്രൊട്ടക്ഷന്‍ നല്‍കാന്‍ മടിക്കുന്ന വര്‍ക്കൊപ്പം പത്തു ചുവടെങ്കിലും വിട്ടുനടക്കുക. എന്റെ ജീവിതം എന്നത് ഒരു ഓട്ടപ്പാച്ചിലാണ് അതിനിടയില്‍ തങ്ങിനില്‍ക്കാന്‍ സമയംകിട്ടാറില്ല. ഷെഡ്യൂള്‍ ചെയ്ത സമയപ്രകാരവും അല്ലാതെയും ഓടിക്കൊണ്ടേ ഇരിക്കുന്നു. ഈ ഓട്ടത്തിന് വല്ല കാര്യവും ഉണ്ടോ എന്നത് വേറെ കാര്യം. വീടും കോളേജും പരിസരങ്ങളും ഒപ്പം വരാന്‍ മടിയോടെ ആണെങ്കിലും ഡ്യൂട്ടി ആയിപ്പോയത് കൊണ്ട് വരേണ്ടിവരുന്നവര്‍.

    അതും ഒഴിവാക്കി കിട്ടാന്‍ കിണഞ്ഞു ശ്രമിക്കുന്നവര്‍ കുറവല്ല. ബിന്ദു അമ്മിണിക്കൊപ്പം ആണ് ഡ്യൂട്ടി എന്നറിഞ്ഞാല്‍ കരഞ്ഞു വിളിക്കുന്നവരെ ക്കുറിച്ചറിയുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാനെന്നു. എന്തായാലും ഒന്നെനിക്കുറപ്പാണ് ഞാന്‍ ആക്രമിക്കപ്പെട്ടാല്‍ അത് തടയാന്‍ ഉള്ളദൂരത്തല്ല പോലീസ് നില്‍ക്കുന്നതെന്നത്. അതുകൊണ്ട് തന്നെ ഞാന്‍ തന്നെ എന്നെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് പൂര്‍ണ ബോധ്യം ഉണ്ട്. ഞാന്‍ അവരെ ആണോ അതോ അവര്‍ എന്നെ ആണോ നോക്കേണ്ടത് എന്നത് ഒരു ഗൗരവകരമായ ചോദ്യമായവശേഷിക്കുന്നു.

    ദളിത്, സ്ത്രീ, അതും കറുത്തത്, സാധാരണക്കാരി, സാധാരണ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വരാത്തവള്‍ ഇങ്ങനെ ഒക്കെ ഉളവര്‍ക്ക് പോലീസ് സംരക്ഷണം കൊടുത്തത് ശരിയാണോ. നല്ല വീട്, വാഹനം, പരിചാരകര്‍, പിന്നെ ആവശ്യത്തിന് കാശും അധികാരവും ഇങ്ങനെ ഉള്ളവര്‍ക്കു സംരക്ഷണം കൊടുക്കുന്നത് പോലെ ആണോ. സാധാരണക്കാരുടെ ജീവന് വിലകൊടുക്കുന്നത്. വേണേല്‍ ആക്രമിക്കപ്പെട്ടാല്‍ അതിനു ശേഷം പോലീസ് സാധാരണ ചെയ്യുന്ന നടപടികള്‍ കൈക്കൊള്ളാം.

    NB: ഇങ്ങനെ അല്ലാതെ വളരെ സൗഹാര്‍ദ്ദത്തോടെ പ്രൊട്ടക്ഷന്‍ തരുന്ന അപൂര്‍വ്വം ചിലര്‍ ഇല്ലാതില്ല. അവരെ സ്മരിച്ചു കൊണ്ട് തന്നെ ഈ കുറിപ്പ് എഴുതട്ടെ.’

    No comments

    Post Top Ad

    Post Bottom Ad