Header Ads

  • Breaking News

    പൊതുഗതാഗതം നടത്താനറിയാത്തവര്‍ വിമാനത്താവളം നടത്തിപ്പിനെ വിമര്‍ശിയ്ക്കുന്നു : വി മുരളീധരന്‍

    തിരുവനന്തപുരം : വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സര്‍ക്കാര്‍ തന്നെ ലേലത്തില്‍ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പിണറായി വിജയനെതിരെ വി മുരളീധന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

    ” വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍. സര്‍ക്കാര്‍ തന്നെ ലേലത്തില്‍ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. സംസ്ഥാന സര്‍ക്കാരിന്റെ കമ്പനിയേക്കാള്‍ കൂടുതല്‍ ലേല തുക കാണിച്ചതിനാല്‍ ആണ് ആദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്.

    ഒരു യാത്രക്കാരന് 168 രൂപയായിരുന്നു അദാനി ഗ്രൂപ്പിന്റെ ലേല തുക. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 135 രൂപ മാത്രമാണ് മുന്നോട്ട് വെച്ചിരുന്നത്. തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികള്‍ നടന്നത്. ലേലത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ കമ്പനിയുടെ പ്രൊപ്പോസല്‍ തയ്യാറാക്കിയത് അദാനിയുമായി ബന്ധമുള്ള ഏജന്‍സിയാണെന്ന വിമര്‍ശനവും നേരത്തെ ഉയര്‍ന്നിരുന്നു. വിമാനത്താവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തില്‍ പങ്കെടുപ്പിയ്ക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

    മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനടക്കമുള്ളവരാണോ ഇതിന് പിന്നിലെന്ന് അന്വേഷിയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അല്ലാതെ അനാവശ്യമായി കേന്ദ്രത്തെ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടത്. കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം എം.ഡി ബിജു പ്രഭാകര്‍ പരസ്യമായി പ്രതികരിച്ചതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനം പോലും ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്ത കേരള സര്‍ക്കാര്‍ വിമാനത്താവള നടത്തിപ്പില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് തീര്‍ത്തും അപഹാസ്യമാണെന്ന് കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയും.” – വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

    No comments

    Post Top Ad

    Post Bottom Ad