‘ഒടുവിൽ കള്ളി വെളിച്ചത്തായി..’ വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്; കുടുങ്ങുമോ?
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾവെന്തുമരിച്ച സംഭവത്തിൽ തർക്കഭൂമിയുമായി ബന്ധപ്പെട്ട് ദുരൂഹത. കരണക്കാരിയായ വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്ന് ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്ത് ജില്ലാ കളക്ടർ പോലീസ് അന്വേഷണത്തിന് നിർദ്ദേശം നൽകി. 40 വർഷം മുമ്പ് ലക്ഷംവീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസിൽദാറുടെ കണ്ടെത്തൽ.
എന്നാൽ ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷണത്തിന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസെ നിർദ്ദേശം നൽകിയത്. ഭൂമി വസന്തയുടേതാണെന്നും ഇത് രാജൻ കൈയ്യേറിയതാണെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ പട്ടയം അനുവദിച്ച ഭൂമിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2006ൽ സുഗന്ധി എന്ന സ്ത്രീയിൽ നിന്നും പണം നൽകിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെന്‍റ് ഭൂമി രാജൻ കയ്യേറി ഷെഡ് കെട്ടിയതെന്നാണ് കണ്ടെത്തൽ.
അതേസമയം പട്ടയ ഭൂമിയുടെ വില്‍പ്പന സംബന്ധിച്ച് സർക്കാർ ഒന്നിലധികം ഉത്തരവിറക്കിയിട്ടുണ്ട്. ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോ എന്ന് സർക്കാർ പരിശോധിക്കണമെന്നാണ് തഹസിൽദാർ ശുപാർശ ചെയ്തത്. ഇതേ തുടർന്നാണ് ഇക്കാര്യം പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഘോസ ലാന്‍റ് റവന്യൂ കമ്മീഷണറോടാവശ്യപ്പെട്ടത്. കൈയേറിയ ഭൂമിയിൽ തന്നെയാണ് രാജന്‍റെ മക്കള്‍ ഇപ്പോഴും താമസിക്കുന്നത്. ഈ ഭൂമി വേണമെന്നാണ് ഇവരുടെ ആവശ്യം. വസന്തയിൽ നിന്നും ഭൂമി വാങ്ങി രാജന്‍റെ കുട്ടികൾക്ക് നൽകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ നീക്കം.
No comments
Post a Comment