ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു; മമത ഒരു മുസ്‌ലിം തീവ്രവാദിയാണെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുസ്‌ലിം തീവ്രവാദിയെന്ന് യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ദ് സ്വരൂപ് ശുക്ല. ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബംഗ്ലാദേശിലേക്ക് മമതയ്ക്ക് നാടുവിടേണ്ടിവരുമെന്ന് ഇയാള്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിക്കാത്ത വ്യക്തിയാണ് മമതയെന്നും അവര്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും ശുക്ല പറഞ്ഞു. ‘മമത ഒരു മുസ്‌ലിം തീവ്രവാദിയാണ്. ബംഗാളിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തും ഹിന്ദു ദൈവങ്ങളെ അപമാനിച്ചും വിശ്വാസികളുടെ സമാധാനം കെടുത്തുകയാണവര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടും. പിന്നീട് ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥിയായി പോകേണ്ടി വരും’, ശുക്ല പറഞ്ഞു.
എന്നാൽ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ശുക്ലയുടെ ഈ പരാമര്‍ശം. അതേസമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി.അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി നേതൃത്വം കാഴ്ചവെയ്ക്കുന്നത്. തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു. സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
No comments
Post a Comment