കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലേക്കെന്ന് സൂചന
കണ്ണൂര്‍:
നടുവില്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി ജനറല്‍ സെക്രട്ടറി ബേബി ഓടംപള്ളി അടക്കം മൂന്ന് അംഗങ്ങള്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലേക്കെന്ന് സൂചന. ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തിയെന്ന് ബേബി ഓടംപള്ളി പറഞ്ഞു. കൂറുമാറിയ മൂന്ന് പേരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.
ഐ ഗ്രൂപ്പിനുള്ളിലെ തര്‍ക്കമാണ് നാല് പതിറ്റാണ്ടിലധികമായി യുഡിഎഫിന്റെ ഉരുക്ക് കോട്ടയായിരുന്ന നടുവില്‍ പഞ്ചായത്തില്‍ ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച ഡിസിസി ജനറല്‍ സെക്രട്ടറി ബേബി ഓടംപള്ളി എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും കൂറുമാറി. ഇവരെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ ചേരാന്‍ വിമതര്‍ നീക്കം തുടങ്ങിയത്. ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തിയെന്നും അന്തിമ തീരുമാനമായില്ലെന്നും ബേബി ഓടംപള്ളി പറഞ്ഞു.
വിപ്പ് ലംഘിച്ച് കൂറുമാറിയ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി അടക്കം മൂന്ന് പേരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് യുഡിഎഫ് തിരുമാനം. എന്നാല്‍ വിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിമതപക്ഷത്തിന്റെ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ ഗ്രൂപ്പ് തര്‍ക്കവും ഗ്രൂപ്പിനുള്ളിലെ തര്‍ക്കവും കോണ്‍ഗ്രസിന് തലവേദനയാവുകയാണ്.
No comments
Post a Comment