ബിരുദം നല്ല മാര്‍ക്കോടെ പാസാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ; പത്തിന പരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കോവിഡ് ആശങ്കകൾ കേരളത്തിൽ അവസാനിച്ചിട്ടില്ല. നാലായിരത്തോളം പേർക്കാണ് ഇന്നും സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പുതുവത്സര നാളില്‍ സാധാരണക്കാര്‍ക്ക് വേണ്ടി പത്തിന പരിപാടികള്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ വയോധികര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുന്‍പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും. മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫ് സഹായധനം, അത്യാവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന സേവനങ്ങള്‍. ക്രമേണ വയോജനങ്ങള്‍ക്കുള്ള എല്ലാ സേവനങ്ങളും വീട്ടില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി വീടുകളിലെത്തി പരാതികള്‍ സ്വീകരിച്ച് അധികാരികളിലേക്ക് എത്തിച്ച് തുടര്‍ നടപടികള്‍ അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കും.
മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്ന 65 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, എന്നിവരുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഭവന സന്ദര്‍ശനത്തിലൂടെ മേല്‍പറഞ്ഞ സേവനങ്ങള്‍ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച്, അവ ലഭ്യമാക്കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. ജനുവരി 15 ന് പദ്ധതി തുടങ്ങും. ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആവശ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ 15 ദിവസത്തിനുള്ളില്‍ നല്‍കും.
പഠനത്തിൽ താല്‍പര്യമുള്ളതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി പ്രത്യേകം പദ്ധതി ആവിഷ്കരിച്ചു. ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ രംഗത്തെ പ്രമുഖരുമായി ആശയ വിനിമയം നടത്താന്‍ പദ്ധതി രൂപീകരിച്ചു. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന ബിരുദം നല്ല മാര്‍ക്കോടെ പാസാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കും. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ താഴെ നില്‍ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുക.
കുട്ടികളുടെ ഇടയിലെ ആത്മഹത്യ തടയാന്‍ സ്കൂള്‍ കൗണ്‍സിലര്‍മാരുടെ എണ്ണം ഇരട്ടിയാക്കും.വിവിധ തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തും. കുട്ടികളുടെ ഇടയിലെ അനീമിയ രോഗം തടയാന്‍ പോഷകാഹാരം ലഭ്യമാക്കാന്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15ന് മുമ്ബ് കുട്ടികളുടെ പരിശോധന പൂര്‍ത്തിയാക്കും.
സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാന്‍ സത്യമേവ ജയതേ എന്ന പേരില്‍ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഒരുക്കും. അഴിമതി മുക്ത കേരളം പരിപാടി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. അഴിമതി സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരു വിവരം രഹസ്യമായിരിക്കും. ജനവരി 26ന് പദ്ധതി ആരംഭിക്കും.
പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം തടയാന്‍ പദ്ധതി. പ്രീ ഫാബ് ഉപയോഗിച്ചുള്ള ഗാര്‍ഹിക നിര്‍മ്മാണങ്ങള്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കും. പ്രാദേശിക തലത്തില്‍ പ്രഭാത സായാഹ്ന സവാരിക്കും കുട്ടികള്‍ക്ക് കളിക്കാനും പൊതു ഇടങ്ങള്‍ സൃഷ്ടിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വില്ലേജുകളിലും പൊതു ഇടങ്ങളുണ്ടാക്കും.
No comments
Post a Comment