യുവതി കടലിൽ വീണ് മരിച്ച സംഭവം; ശുചിമുറിയിൽ ഒളികാമറ വെച്ച സഹപ്രവർത്തകനെതിരെ പരാതി
കോഴിക്കോട്:
കോഴിക്കോട് യുവതി കടലിൽ വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കൾ രംഗത്ത്. പയ്യാനക്കൽ ചക്കുംകടവ് വടക്കയിൽ സജിത (25) കോതി പാലത്തിൽ നിന്ന് കടലിൽ ചാടി മരിച്ചതിലാണ് ദുരൂഹത ആരോപിച്ച് പിതാവ് ശശിധരൻ രംഗത്തെത്തിയത്. സംഭവത്തിൽ പിതാവ് പന്നിയങ്കര പൊലീസിൽ പരാതി നൽകി.
യുവതിയെ കടലിൽ തള്ളിയിട്ടെന്ന സംശയമാണ് പിതാവ് പരാതിയിൽ ഉന്നയിക്കുന്നത്. സജിത ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുറ്റിക്കാട്ടൂർ സ്വദേശി അനൂപ്, ശുചിമുറിയിൽ മൊബൈൽ കാമറ സ്ഥാപിച്ച് പകർത്തുകയും സംഭവത്തിൽ അനൂപ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചു. പിന്നീട് കേസിൽ ജാമ്യത്തിലിറങ്ങിയ അനൂപ്, സജിതയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചു.
ഇതിന് ആദ്യം കേസ് പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ, വിവാഹശേഷം കേസ് പിൻവലിക്കാമെന്ന് സജിത നിലപാടെടുത്തു. ഇതോടെ ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കടലിൽ ചാടിയതിന് തൊട്ടുമുമ്പ് ഇരുവരെയും മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നതായി പറയുന്നുണ്ട്. മരിക്കുന്നതിനുമുമ്പ് സജിതയിട്ട വാട്സ് ആപ് സ്റ്റാറ്റസ്, ചാറ്റുകൾ, ഫോൺ കാൾ വിവരങ്ങൾ ഉൾപ്പെടെ കുടുംബം തെളിവായി പൊലീസിന് നൽകിയിട്ടുണ്ട്.
ജനുവരി 11ന് രാവിലെ 11 ഓടെയാണ് യുവതി കടലിൽ വീണത്. എന്നാൽ ഇവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആദ്യം ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരികാവയവങ്ങൾ പൂർണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് 12ന് വൈകീട്ട് മൂന്നരയോടെ സജിത മരണത്തിന് കീഴടങ്ങുകയായിരുന്നു.
No comments
Post a Comment