പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കൽ പ്രവ്യത്തി ഉദ്ഘാടനവും 12 ന്
ഇരിട്ടി :
ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കൽ വിഭാഗത്തിന്റെയും പ്രവർത്തി ഉദ്ഘാടനം വെള്ളിയാഴ്‌ച വൈകിട്ട് നാലിന് വൈദ്യുതി മന്ത്രി എം.എം. മണി നിർവ്വഹിക്കും. കുയിലൂർ എ എൽ പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. കെ. സുധാകരൻ എം പി മുഖ്യാതിഥിയായിരിക്കും.
113 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ജല വൈദ്യുത പദ്ധതിയുടെ 46 കോടിയുടെ സിവിൽ പ്രവ്യത്തിയിൽ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായി. 48 കോടിയുടെ ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവ്യത്തി ടെണ്ടർ ചെയ്തു. പൂനെ ആസ്ഥാനമായ കിർലോസ്‌കർ ബ്രദേഴ്സ് കമ്പനിയാണ് പ്രവ്യത്തി ഏറ്റെടുത്തിരിക്കുന്നത്.ജല സേചന വകുപ്പിന്റെ അധീനതയിലുള്ള പഴശ്ശി പദ്ധതിയിൽ നിന്നും അധികമായി ഒഴുക്കി കളയുന്ന ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് പദ്ധതിയാണ് പഴശ്ശി സാഗർ. 60 മീറ്റർ നീളത്തിൽ ഏഴ് മീറ്റർ വ്യാസത്തിൽ പ്രധാന തുരങ്കവും , പ്രധാന തുരങ്കത്തിൽ നിന്നും 60 മീറ്റർ നീളത്തിൽ മൂന്നര മീറ്റർ വ്യാസത്തിൽ മൂന്ന് തുരങ്കങ്ങളും നിർമ്മിച്ചാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുക. പഴശ്ശി പദ്ധതിയിൽ മഴക്കാലത്ത് ശേഖരിച്ച് നിർത്തുന്ന വെള്ളം പ്രധാന തുരങ്കം വഴി മറ്റ് മൂന്ന് തുരങ്കത്തിലേക്ക് കടത്തി വിട്ട് 2.5 മെഗാവാട്ട് ശേഷിയുള്ള ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം. പദ്ധതിയിൽ നിന്നും പ്രതിവർഷം 25 .16 മില്ല്യൻ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. വർഷത്തിൽ ജൂൺ മുതൽ നവംബർ മാസം വരെയുള്ള ആറു മാസമാണ് ഉത്പാദനം. ഇവിടെ നിന്നും ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി മട്ടന്നൂർ- കുയിലൂർ 33 കെവി പ്രസരണ കേന്ദ്രത്തിലേക്കാണ് വിടുക.
2010-ൽ 15 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്കാണ് കെ എസ് ഇ ബി ഭരണാനുമതി നൽകിയതെങ്കിലും അണക്കെട്ടിന്റെ കുറച്ച് ഭാഗം പൊളിച്ച് മാറ്റുന്നത് പഴശ്ശി പദ്ധതിയുടെ സുരക്ഷ യ്ക്ക് ഭീഷണിയാണെന്ന നിർദ്ദേശത്തെ തുടർന്ന് ഡിസൈൻ മാറ്റി സ്ഥാപിത ശേഷി 7.5 മെഗാവാട്ടായി പുനർ നിർണ്ണയിക്കുകയായിരുന്നു. 2023 ജനുവരിയിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്ന് പഴശ്ശി സാഗർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജി. അനിൽകുമാർ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി. വിനോദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ കെ.വി. ജനാർ്ദ്ദനൻ, സബ്ബ് എഞ്ചിനീയർ ടി.പി. മനോജ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
No comments
Post a Comment