ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട യുവാവ് കെണിയില്‍പ്പെടുത്തി മാഫിയ സംഘത്തിന് കൈമാറിയ 21കാരിയെ പയ്യന്നൂര്‍ പോലിസ് രക്ഷിച്ചു
പയ്യന്നൂർ:
ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് കെണിയില്‍പ്പെടുത്തി മാഫിയ സംഘത്തിന് കൈമാറിയ 21കാരിയെ പയ്യന്നൂര്‍ പോലിസ് രക്ഷിച്ചു കണ്ണൂരിലെത്തിച്ചു. കുഞ്ഞിമംഗലം സ്വദേശിനിയായ ഭര്‍തൃമതിയെയാണ് കര്‍ണാടകയിലെ ഗോകര്‍ണത്തെ ബീച്ചിലെ കുടിലില്‍ നിന്നും പോലിസ് തന്ത്രപരമായ നീക്കത്തിലൂടെ രക്ഷിച്ച് നാട്ടിലെത്തിച്ചത്. ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണത്തെത്തിച്ചത്.
29ന് രാവിലെയാണ് കുഞ്ഞിമംഗലത്തെ ഗള്‍ഫുകാരന്റെ ഭാര്യയായ 21കാരി മൂന്നുവയസുള്ള മകളെയും ഉപേക്ഷിച്ച് നാടുവിട്ടത്. വീട്ടില്‍ നിന്നും അഞ്ചുപവനോളം വരുന്ന മാലയും മോതിരവും കൊണ്ടാണ് പോയത്. യുവതിയുടെ മാതാവിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് ഗോകര്‍ണത്തു നിന്നും കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ സേലത്തെത്തിയ യുവതി അവിടുത്തെ തട്ടുകടക്കാരന്റെ ഫോണില്‍ ആരേയോ വിളിക്കുകയും ഫോണ്‍ തിരിച്ചു നല്‍കുമ്പോള്‍ നമ്പര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ തട്ടുകടക്കാരന്റെ നമ്പര്‍ കണ്ടെത്തിയ അന്വേഷണ സംഘം സേലത്തെത്തുകയും തട്ടുകടക്കാരനില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കുകയും ചെയ്തു. ശേഷം പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ ഒന്നൊന്നായി പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നും യുവതി ഒരു ഹോട്ടലില്‍ കയറുന്ന ദൃശ്യം ലഭിച്ചു. കൂടുതല്‍ പരിശോധനയില്‍ മറ്റ് രണ്ട് യുവാക്കളുമൊത്ത് സേലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വ്യക്തമായ ദൃശ്യം ലഭിച്ചു. തുടര്‍ന്ന് ബംഗളൂരുവിലേക്ക് കടന്ന ഇവരെ പയ്യന്നൂര്‍ പോലിസ് പിന്‍തുടര്‍ന്ന് ഗോകര്‍ണത്തെത്തി. നിശാല ശാലയിലും മയക്കുമരുന്നു മാഫിയയുമായി ഇടപഴകുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയുണ്ടായിരുന്ന യുവതിയെ രാത്രിയോടെ പോലിസ് ബാംഗ്ലൂരിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു.
യുവതിയുടെ ഓരോ നീക്കങ്ങളും ശാസ്ത്രീയമായ നീക്കത്തിലൂടെ ‘ ഗേറ്റ് ടൂ ഗേതർ’ (nok) എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട് ജീവിതം വഴി തെറ്റുമായിരുന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. പയ്യന്നൂർ പോലീസ് ഇൻസപെക്ടർ എം.സി പ്രമോദ്, പ്രിൻസിപ്പൽ എസ്ഐ ബിജിത്ത്, എ.എസ്.ഐ എ.ജി അബ്ദുല്‍റൗഫ്, സിപിഒ സൈജു. എന്നിവരുടെ നേതൃത്വത്തിലുള്ള പഴുതടച്ച അന്വേഷണത്തിലാണ് യുവതിയെ കർണാടകയിൽ നിന്നും കണ്ണൂരിലേക്ക് എത്തിച്ചത്. അഡീഷണൽ എസ്ഐമാരായ ശരണ്യ, എം.വി ടോമി എന്നിവരും സൈബര്‍ സെല്‍ വിദഗ്ധരായ സൂരജ്, അനൂപ്, വിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No comments
Post a Comment