25ാമത് ഐ.എഫ്.എഫ്.കെ: തലശ്ശേരിയില്‍ 23ന് തിരി തെളിയും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ തലശ്ശേരി പതിപ്പിന് ഫെബ്രുവരി 23 ചൊവ്വാഴ്ച തിരിതെളിയുമെന്നു അക്കാദമി ചെയർമാൻ കമൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍ മേളയുടെ ഉദ്ഘാടനകര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിക്കും. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ ടി പദ്മനാഭൻ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എ,തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാറാണി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി സി.അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗവും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ പ്രദീപ് ചൊക്ളി തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ? പ്രദര്‍ശിപ്പിക്കും. ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രതിനിധികള്‍ക്കുള്ള കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് ഇന്ന് (ഫെബ്രുവരി 21 ന് ) രാവിലെ 10 മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിവരെ ആയിരിക്കും ടെസ്റ്റിന്‍്റെ സമയം. 23 വരെ നാല് കൗണ്ടറുകളിലായി പരിശോധന നടക്കും.
ലിബര്‍ട്ടി പാരഡൈസ് തിയേറ്ററില്‍ തയ്യാറാക്കിയ ഡെലിഗേറ്റ് സെല്ലിന്‍െറ ഉദ്ഘാടനം അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്‍ കെ.എം. ജമുനറാണി എന്നിവര്‍ സംബന്ധിക്കും. ഡെലിഗേറ്റ് പാസിന്‍െറ വിതരണോദ്ഘാടനം പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന് നല്‍കിക്കൊണ്ട് അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ നിര്‍വഹിക്കും. പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം ലിബര്‍ട്ടി പാരഡൈസ് കോംപ്ളെക്സില്‍ 21ന് ഉച്ചക്ക് 12മണി മുതല്‍ ആരംഭിക്കും.
തലശ്ശേരിയില്‍ ലിബര്‍ട്ടി കോംപ്ളക്സിലുള്ള അഞ്ച് തിയേറ്ററുകളിലും ലിബര്‍ട്ടി മൂവി ഹൗസിലുമാണ് മേള നടക്കുന്നത്. മുഖ്യവേദിയായ ലിബര്‍ട്ടി കോംപ്ളക്സില്‍ എക്സിബിഷന്‍, ഓപണ്‍ ഫോറം എന്നിവ നടക്കും. 22 രാവിലെ 11 മണിക്ക് മീഡിയ സെല്ലിന്‍െറ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഐ.എ.എസ് നിര്‍വഹിക്കും.
മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
46 രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് 25ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മല്‍സരവിഭാഗത്തില്‍ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ ആകെ 14 ചിത്രങ്ങളാണുള്ളത്. സമകാലിക ലോകസിനിമാ വിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ 12 സിനിമകളും ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തില്‍ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദിന്‍െറ ആറു സിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു മേഖലകളിലായി നടത്തുന്ന മേളയില്‍ എല്ലായിടത്തും ഒരേ സിനിമകള്‍ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്.
കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍
1500 പേര്‍ക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്. തെര്‍മല്‍ സ്കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ. അക്കാദമി സൗജന്യമായി നടത്തുന്ന ആന്‍റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവായാല്‍ മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. registration.iffk.in എന്ന വെബ്സൈറ്റ് വഴിയും IFFK എന്ന ആപ്പ് വഴിയും സീറ്റ് റിസര്‍വേഷന്‍ നടത്താം. ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഒരു ദിവസം മുന്‍പ് റിസര്‍വേഷന്‍ അനുവദിക്കും . രാവിലെ 8 മണിമുതല്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം.
എക്സിബിഷന്‍
25 വര്‍ഷം പൂര്‍ത്തിയാക്കിയ ഐ.എഫ്.എഫ്.കെയുടെ സ്മരണകള്‍ പുതുക്കുന്ന ഫോട്ടോ എക്സിബിഷന്‍ മേള@ 25 മുഖ്യവേദിയായ ലിബര്‍ട്ടി കോംപ്ളക്സില്‍ 24ന് രാവിലെ 11 മണിക്ക് ആരംഭിക്കും.
ഹോമേജ്
ഈയിടെ അന്തരിച്ച ചലച്ചിത്രപ്രതിഭകളായ ഫെര്‍ണാണ്ടോ സൊളാനസ്, കിം കി ഡുക്, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, രാമചന്ദ്രബാബു, സൗമിത്ര ചാറ്റര്‍ജി, ഭാനു അതയ്യ, സച്ചി, ഷാനവാസ് നരണിപ്പുഴ, അനില്‍ നെടുമങ്ങാട് എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗത്തില്‍ ഒമ്പത് സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
No comments
Post a Comment