കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മുഖ്യമന്ത്രിയുടെ നവകേരളം യുവകേരളം പരിപാടി ഇന്ന്
കണ്ണൂർ:
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇനിയും നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സർവകലാശാല വിദ്യാർഥികളുമായി നടത്തുന്ന നവകേരളം യുവകേരളം പരിപാടി ഇന്ന് നടക്കും. മാങ്ങാട്ടുപറന്പ് കാന്പസിൽ രാവിലെ പത്തിനാണ് പരിപാടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നേരിട്ടും ഓൺലൈനായും രണ്ടായിരത്തോളം വിദ്യാർഥികളും വിദ്യാഭ്യാസവിചക്ഷണരും പങ്കെടുക്കും. 2000ത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നതിൽ 200 പേർക്കു മാത്രമേ നേരിട്ട് പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. കാസർഗോഡ് കേന്ദ്ര സർവകലാശാല, വയനാട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പത്തുവീതം വിദ്യാർഥികളും പങ്കെടുക്കും. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ സ്വാഗതം പറയും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ആമുഖപ്രഭാഷണം നടത്തും.
മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറാണ് അവതാരകൻ. ടെലിവിഷൻ അവതാരകൻ ജി.എസ് പ്രദീപ് ‘ഇൻസ്പെയർ കേരള’ എന്ന വിഷയം അവതരിപ്പിക്കും. 10.45ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാലകളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിക്കും. 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികളെ അഭിസംബോധന ചെയ്യും.തുടർന്ന് ‘നവകേരളം യുവകേരളം- ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംവദിക്കും. 12.30ന് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം നടത്തും. 12.55ന് പ്രോ-വൈസ് ചാൻസലർ പ്രഫ. എ. സാബു മുഖ്യമന്ത്രിക്ക് ഉപഹാരം സമർപ്പിക്കും. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കെ.വി.ശിൽപ നന്ദി പറയും.
No comments
Post a Comment