ടൗണ്‍ സ്‌ക്വയര്‍ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി ;പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിനു ഇനി പുതിയ മുഖം. സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ടൗണ്‍ സ്‌ക്വയറില്‍ നടപ്പാക്കുന്ന വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലയിലെ റോഡുകളും സ്‌കൂളുകളും ഹൈടെക് ആവുമ്പോള്‍ നഗര കേന്ദ്രവും മികച്ച സൗകര്യങ്ങളോട് കൂടിയതാവാണം. സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍, പരിസരം വൃത്തിഹീനമാക്കുന്ന പ്രവൃത്തികളില്‍ നിന്നും ആളുകള്‍ മാറി നില്‍ക്കണമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
മന്ത്രിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് സൗന്ദര്യവല്‍ക്കരണത്തിനായി അനുവദിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുക. പാര്‍ക്കിംഗ് സ്ഥലത്തോടനുബന്ധിച്ച് പുതിയ സ്റ്റേജ്, പന്തല്‍ എന്നിവയാണ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. സ്റ്റേജിന് മേല്‍ക്കൂരയും അനുബന്ധമായി ഗ്രീന്‍ റൂമും നിര്‍മ്മിക്കും. കലാ സംസ്‌കാരിക സാഹിത്യ പരിപാടികള്‍ക്ക് സ്ഥിരം വേദിയാവുന്ന ടൗണ്‍ സ്‌ക്വയറിന് മുതല്‍ക്കൂട്ടാവുന്നതാണ് പദ്ധതി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി.
എഡിഎം ഇ പി മേഴ്സി, കെ പി സുധാകരന്‍, വെള്ളോറ രാജന്‍, എം പി രാജേഷ്, കെ കെ ജയപ്രകാശ്, കെ രതീഷ്, പ്രൊഫ. ജോസഫ് തോമസ്, പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി എക്‌സി. എഞ്ചിനീയര്‍ പ്രഭാകരന്‍, ഡിടിപിസി സെക്രട്ടറി കെ സി ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment