Header Ads

  • Breaking News

    നവീകരിച്ച മാടായി -മുട്ടം – പാലക്കോട് റോഡ് നാടിനു സമര്‍പ്പിച്ചു



    നവീകരിച്ച മാടായി-ടി ബി -മുട്ടം -എട്ടിക്കുളം ഹൈസ്‌കൂള്‍- പാലക്കോട് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഏഴിമല നാവിക അക്കാദമിയുടെ പശ്ചാത്തല സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ബജറ്റ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്.
    മാടായിപ്പാറയിലെ ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ കണ്ട് റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 12 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മെക്കാഡം ടാറിംഗിനായി അനുവദിച്ചത്. 5.325 കി മീറ്റര്‍ നീളമുള്ള റോഡ് 12 മീറ്റര്‍ വീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

    വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഓവുചാലുകളും ആവശ്യമായ സ്ഥലങ്ങളില്‍ കള്‍വര്‍ട്ടുകളും നിര്‍മ്മിച്ചും ഏഴ് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് ചെയ്തും ആവശ്യമായ റോഡ് സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തി റോഡിനെ സംസ്ഥാന പാതാ നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. വെങ്ങര മുക്കില്‍ ട്രാഫിക് ഡിവൈഡറും സ്ഥാപിച്ചു. എരിപുരം, മാടായിപ്പാറ, പഴയങ്ങാടി, വെങ്ങര, മുട്ടം, നേവല്‍ അക്കാദമി, എട്ടിക്കുളം, പഴയങ്ങാടി, പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍, രാമന്തളി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള സുഗമമായ ഗതാഗത മാര്‍ഗമാണ് ഇതോടെ സാധ്യമായിരിക്കുന്നത്.
    മുട്ടത്ത് നടന്ന പരിപാടിയില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനായി.

    എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ആബിദ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി പി മുഹമ്മദ് റഫീഖ്, മാടായി പഞ്ചായത്തംഗം ആയിഷ ബി ഒടിയന്‍, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഇ ജി വിശ്വപ്രകാശ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍ കൊയിലെരിയന്‍, പി പി ദാമോദരന്‍, വി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad