കെഎസ്ടിപി റോഡ് ഇനി ക്യാമറക്കണ്ണുകളില്‍;സേഫ്റ്റി കോറിഡോര്‍ പദ്ധതിക്ക് തുടക്കമായി
പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സേഫ്റ്റി കോറിഡോര്‍ പദ്ധതിക്ക് തുടക്കമായി. കെ എസ് ടി പി റോഡിലെ നിരീക്ഷണ ക്യാമറകളുടെയും നവീകരിച്ച കണ്ണപുരം പൊലീസ് സ്റ്റേഷന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കേരളത്തിലെ റോഡുകളിലെ പ്രാകൃതമായ പരിശോധന സമ്പ്രദായം ക്രമേണ പിന്‍വലിക്കുമെന്നും എല്ലാ മേഖലയിലും ആധുനികവല്‍ക്കരണം നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
ചെക്ക്പോസ്റ്റുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്ന രീതി ഏതാനും മാസങ്ങള്‍ക്കകം ഇല്ലാതാകും. അതുവഴി റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും കാലതാമസം ഒഴിവാക്കാനും സാധിക്കും. ഇതിന്റെ ഭാഗമായാണ് വാളയാര്‍ ചെക്ക്പോസ്റ്റില്‍ 10 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തിക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ആര്യങ്കാവ്, അമരവിള ചെക്ക്പോസ്റ്റുകളിലും സംവിധാനം നടപ്പാക്കും. അത് പൂര്‍ത്തിയായാല്‍ മലബാറിലെ പ്രധാനപ്പെട്ട ചെക്ക്പോസ്റ്റുകളിലും അത്തരം സംവിധാനങ്ങളുണ്ടാവും- മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിര്‍മ്മിച്ച മിക്ക റോഡുകളും ആധുനിക സാങ്കേതിക സംവിധാനം ഉപയോഗിച്ചുള്ളവയാണ്.
താങ്ങാവുന്നതിലും ഇരട്ടി ഭാരമുള്ള ചരക്കുവാഹനങ്ങളാണ് നമ്മുടെ റോഡിലൂടെ കടന്നുപോകുന്നത്. ഇത് റോഡുകളുടെ തകര്‍ച്ചയ്ക്ക് മുഖ്യ കാരണമാകുന്നുണ്ട്. തുടര്‍ന്നാണ് അധികഭാരം കൂടി താങ്ങാന്‍ കഴിയുന്ന വിധം റോഡുകള്‍ നവീകരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥയാണ് അപകടങ്ങള്‍ക്ക് കാരണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് മികച്ച റോഡുകളിലൂടെയാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ഡിവൈഡറുകള്‍ മറികടന്നും അപകടം ഉണ്ടാകുന്നു. റോഡ് നിയമങ്ങള്‍ പാലിക്കപ്പെടാത്തതുകൊണ്ടുള്ള പ്രശ്നമാണത്. റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. 2010-18 കാലയളവില്‍ സംസ്ഥാനത്ത് മാത്രം 45000 അപകടങ്ങള്‍ ഉണ്ടായി. അതില്‍ 4500 പേര്‍ മരണപ്പെട്ടു. അതിലേറയും ഇരുചക്ര വാഹനയാത്രക്കാരാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ അപകടനിരക്ക് 37 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു.
അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ അത് അമ്പത് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് കെഎസ്ടിപി റോഡില്‍ നടപ്പാക്കുന്ന പുതിയ നിരീക്ഷണ സംവിധാനമെന്നും നിയമം ലംഘിച്ചവര്‍ പിടിക്കപ്പെടുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
21 കി.മീ കെഎസ്ടിപി പാതയില്‍ 1.84 കോടി രൂപ ചെലവഴിച്ചാണ് സേഫ്റ്റി കോറിഡോര്‍ പദ്ധതി നടപ്പാക്കിയത്. 31 ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. പിലാത്തറ ചുമടുതാങ്ങി, ഹനുമാരമ്പലം ജംഗ്ഷന്‍, പുന്നച്ചേരി ആശുപത്രി, കെ കണ്ണപുരം വീല്‍കെയര്‍, പാപ്പിനിശ്ശേരി ക്ലേ ആന്റ് സിറാമിക്‌സ് ഗേറ്റ് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ വേഗതയും നമ്പര്‍ പ്ലേറ്റും ഹെല്‍മറ്റ് ഉപയോഗവും കണ്ടെത്തുന്ന എഎന്‍പിആര്‍ (ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍) ക്യാമറകളും മറ്റിടങ്ങളില്‍ റോഡിന്റെ എല്ലാ വശങ്ങളും പരിസരങ്ങളും പകര്‍ത്താന്‍ ശേഷിയുള്ള 26 പിടിസെഡ് (പാന്‍-ടില്‍റ്റ്-സൂം) ക്യാമറകളും നാല് ബുള്ളറ്റ് ക്യാമറകളുമാണ് സ്ഥാപിച്ചത്. ക്യാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പൊലിസ് സ്റ്റേഷനില്‍ സെന്‍ട്രല്‍ ആന്റ് മോണിറ്ററിംഗ് സംവിധാനവും പഴയങ്ങാടി സ്റ്റേഷനില്‍ മോണിറ്ററിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കു പുറമെ, മേഖലയിലെ കുറ്റകൃത്യങ്ങള്‍, മണല്‍ കടത്ത്, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍, പുഴകളിലും റോഡരികുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ തടയാനും ഈ നിരീക്ഷണ സംവിധാനത്തിലൂടെ സാധിക്കും. എം എല്‍ എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് കണ്ണപുരം പൊലീസ് സ്റ്റേഷന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ആര്‍ടിഒ ഇ എസ് ഉണ്ണികൃഷ്ണന്‍, എന്‍ഫോര്‍സ്മെന്റ് ആര്‍ടിഒ ഒ പ്രമോദ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി നിഷ, കെ രതി, ടി ടി ബാലകൃഷ്ണന്‍, പി ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ആബിദ ടീച്ചര്‍, പിഡബ്ല്യുഡി ഇലക്ട്രോണിക്സ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ആര്‍ സജീവന്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യു വി രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കിയ കരാറുകാരന്‍, പിഡബ്ല്യുഡി ഇലക്ട്രോണിക് വിഭാഗം എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പരിപാടിയില്‍ നടന്നു
No comments
Post a Comment