കൊവിഡ് രണ്ടാം ഘട്ടത്തിലും കേരളം തോറ്റില്ല; മന്ത്രി കെ കെ ശൈലജ ടീച്ചർ
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നാടിനു സമർപ്പിച്ചു
കൊവിഡിൻ്റെ രണ്ടാം ഘട്ടത്തിലും കേരളം തോറ്റിട്ടില്ല എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ കൊവിഡ് കാലത്ത് മരണ നിരക്ക് ഏറെ കുറവാണെന്നും അത് 0.4 ശതമാനമായി പിടിച്ചു നിർത്താൻ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കെട്ടിടങ്ങൾ നിർമ്മിക്കൽ മാത്രമല്ല, രോഗപ്രതിരോധവും ഏറെ പ്രധാനമാണ്. പരിമിതികൾക്കപ്പുറത്തേക്ക് നേട്ടങ്ങൾ കൈവരിക്കാനും പാവങ്ങൾക്കാശ്രയമായ സർക്കാർ ആശുപത്രികളെ ഉന്നത നിലവാരത്തിലേക്കുയർത്താനും സാധിച്ചു – മന്ത്രി പറഞ്ഞു.
കൊവിഡിൻ്റെ രോഗ പ്രതിരോധ ചികിത്സയിൽ ആയുർവേദത്തിന് ഏറെ പ്രധാന്യമുണ്ടെന്നും കൊവിഡ് പ്രതിരോധത്തിനായി ആയുർവേദ രംഗത്ത് നടത്തിയ പുനർജനി ചികിത്സ പദ്ധതി ഏറെ ശ്രദ്ധേയമായന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ഗവ. ആയുർവേദ കോളേജിനായി മൂന്ന് പിജി സീറ്റുകൾ അനുവദിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
ഉത്തര മലബാറിൽ ആദ്യമായാണ് ഒരു സർക്കാർ ആയുർവേദ കോളേജിൽ അമ്മയും കുഞ്ഞും ആശുപത്രി ആരംഭിക്കുന്നത്.14.45 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. ആദ്യഘട്ടത്തിൽ നാലുനിലകളിലായി, ജനറൽ വാർഡിൽ
40 പേരെയും പേ വാർഡിൽ 10 പേരെയും കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.
പ്രസൂതി തന്ത്ര- സ്ത്രീരോഗ കൗമാര ഭൃത്യ വിഭാഗങ്ങളിൽ സ്പെഷ്യാലിറ്റി ഒ പി, ഐ പി സൗകര്യങ്ങൾ, അലോപ്പതി ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ, അലോപ്പതി നഴ്സ്, ഫാർമസിസ്റ്റ് സേവനങ്ങൾ, എമർജൻസി കെയർ, ഗർഭിണി പരിചരണം, ഗർഭാശയ രോഗ ചികിത്സ, ലേബർ സിസേറിയൻ സൗകര്യം, പ്രസവാനന്തര പരിചരണം, നവജാത ശിശു പരിചരണം, ആധുനിക പരിശോധന സൗകര്യങ്ങൾ തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ എല്ലാ ചികിത്സകളും പരിചരണങ്ങളും ഇവിടെ ലഭിക്കും. ഇതിനു പുറമെ ബിഎഎംഎസ് വിദ്യാർഥികൾക്കും ഹൗസ് സർജൻമാർക്കും ക്ലിനിക്കൽ പോസ്റ്റിങ്ങിനും, പിജി വിദ്യാർഥികൾക്ക് പ്രസൂതി തന്ത്ര, സ്ത്രീ രോഗ കൗമാര ഭൃത്യ വിഷയങ്ങളിൽ പ്രൊജക്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകും.
ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം പി ഓൺലൈനായി ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി. പൊതുമരാമത്ത് കെട്ടിടവിഭാഗം തലശ്ശേരി എക്സി. എഞ്ചിനീയർ ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി തമ്പാൻ മാസ്റ്റർ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹരികൃഷ്ണൻ തിരുമംഗലത്ത്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജയ് ജി, സൂപ്രണ്ട് ഡോ. എസ് ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment