കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ അന്തരിച്ചു
കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ(80) അന്തരിച്ചു. സ്‌ത്രീ വേഷം കൊണ്ടു കഥകളി പ്രേമികളുടെ മനം കവർന്ന മാത്തൂരിന്റെ നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, കർണശപഥത്തിലെ കുന്തി തുടങ്ങിയ വേഷങ്ങൾ പ്രശസ്‌തമാണ്.
കേന്ദ്ര– സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.
കഥകളി പരിശീലന കേന്ദ്രമായ കുടമാളൂർ കലാകേന്ദ്രത്തിൽ അധ്യാപകനും പ്രിൻസിപ്പലുമായിരുന്നിട്ടുണ്ട്. കുടമാളൂരിൽ അമ്പാടി വീട്ടിലായിരുന്നു താമസം. മാത്തൂരിന്റെ മകൻ മുരളീകൃഷ്ണൻ കഥകളി നടനാണ്. മുരളീകൃഷ്ണന്റെ മകൻ അദ്വൈത് കൃഷ്ണയും മൂത്തമകൻ ഉണ്ണിക്കൃഷ്‌ണന്റെ മകൻ നീരജ് കൃഷ്‌ണയും കഥകളി പഠിക്കുന്നു. ഭാര്യ: കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകൾ പരേതയായ രാജേശ്വരി.
No comments
Post a Comment