കേരള വാട്ടര്‍ അതോറിറ്റി പയ്യന്നൂര്‍ ഓഫീസ് കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു
പയ്യന്നൂര്‍:
കേരള ജല അതോറിറ്റി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസുകളുടെ കെട്ടിടോദ്ഘാടനം സി കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. പയ്യന്നൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സ്വന്തമായ കെട്ടിടമെന്ന ദീര്‍ഘകാല ആവശ്യമാണ് ഇതോടെ സഫലമായത്. പയ്യന്നൂര്‍ സബ് ട്രഷറിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ ഒമ്പത് സെന്റില്‍ 2019-20 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അമ്പത് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍, വാട്ടര്‍ സപ്ലൈ സെക്ഷന്‍, പ്രൊജക്ട് സബ് ഡിവിഷന്‍ എന്നീ ഓഫീസുകളാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. പയ്യന്നൂര്‍ ഓഫീസിന്റെ പരിധിയിലുള്ള ഏഴിമല നാവിക അക്കാദമി കുടിവെള്ള പദ്ധതി, പെരിങ്ങോം സി ആര്‍ പി എഫ് കുടിവെള്ള പദ്ധതി, പയ്യന്നൂര്‍ നഗരസഭയിലെയും രാമന്തളി, ഏഴോം, കടന്നപ്പള്ളി - പാണപ്പുഴ, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം, എരമം - കുറ്റൂര്‍, കരിവെള്ളൂര്‍ - പെരളം, കാങ്കോല്‍ ആലപ്പമ്പ, പെരിങ്ങോം വയക്കര, ചെറുപുഴ എന്നീ 11 പഞ്ചായത്തുകളിലെയും കുടിവെള്ള പദ്ധതികളുടെ മേല്‍നോട്ടവും നിയന്ത്രണവും പുതിയ ഓഫീസില്‍ നിര്‍വഹിക്കും.
പരിപാടിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഓണ്‍ലൈനായി പങ്കെടുത്തു. വാട്ടര്‍ അതോറിറ്റി എം ഡി എസ് വെങ്കിടേശപതി, പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്‍, കേരള ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി ഗോപാലന്‍, തളിപ്പറമ്പ് വാട്ടര്‍ സപ്ലൈ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുരജ നായര്‍ എന്നിവര്‍ സംസാരിച്ചു. കേരള ജല അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ജി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment