പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പാർക്കിങ് സെന്ററും നവീകരിച്ച റോഡും തുറന്നു
പഴയങ്ങാടി:
പഴയങ്ങാടി റയിൽവേ സ്റ്റേഷൻ വാഹന പാർക്കിങ് സെന്ററും മെക്കാഡംചെയ്ത് നവീകരിച്ച റോഡും ടി.വി.രാജേഷ് എം.എൽ.എ. നാടിന് സമർപ്പിച്ചു. പദ്ധതിക്ക് 1.10 കോടി രൂപയാണ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ സ്വാഗതം പറഞ്ഞു.
പഴയങ്ങാടി അണ്ടർ ബ്രിഡ്ജിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനമായിരുന്നു രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിൽ വാഹനം പാർക്കിങ് സൗകര്യവും റോഡ് വികസനവും.
ഇതിന്റെ ഭാഗമായി െറയിൽവേ സ്റ്റേഷനിലെ ഇരുഭാഗത്തും ഇന്റർലോക്ക് ചെയ്ത പാർക്കിങ് സൗകര്യമാണ് നിർമിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്ത് 11,000 സ്ക്വയർ ഫീറ്റ് ഇന്റർലോക്ക് പതിപ്പിച്ചു.
രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിൽ 22000 സ്ക്വയർ ഫീറ്റ് ഉൾപ്പടെ 33,000 സ്ക്വയർ ഫീറ്റ് പാർക്കിങ് സെന്ററാണ് നിർമിച്ചത്. ഇവിടെ 200 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. 18 എൽ.ഇ.ഡി. ലൈറ്റ് സംവിധാനവും ഒരുക്കി. അണ്ടർ ബ്രിഡ്ജ് മുതൽ പാർക്കിങ് ഏരിയവരെ നിലവിലുള്ള റോഡ് മെക്കാഡംചെയ്തു. 600 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ വീതിയിലുമാണ് റോഡ് മെക്കാഡം ടാർചെയ്ത് നവീകരിച്ചത്. റോഡ് വികസനവും പാർക്കിങ് ഏരിയയും യാഥാർഥ്യമായതോടെ അണ്ടർ ബ്രിഡ്ജ് വഴി റയിൽവേ സ്റ്റേഷനിലേക്ക് പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും മാടായി ചൈനാ ക്ലേ റോഡിലൂടെ രണ്ടാം ഫ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരാനാകും. അതുവഴി അണ്ടർ ബ്രിഡ്ജ് ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിന് വലിയ അളവിൽ പരിഹാരം ഉണ്ടാകും.
ചടങ്ങിൽ യു.വി.രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ആബിദ ടീച്ചർ, ടി.രാജൻ, വി.വിനോദ്, എ.യുസഫ്, യു.കെ.പി.ജംഷീർ, പി.വി.അബ്ദുള്ള, രവി ഐക്കാൻ, കെ.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
No comments
Post a Comment