രേഷ്മയുടെ കൊലപാതകം പ്രണയ പ്രതികാരം, അനുവിന്റെ കുറ്റസമ്മത കുറിപ്പ് കിട്ടി
ഇടുക്കി:
പള്ളിവാസൽ പവർഹൗസിന് സമീപം പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ ബന്ധു അനുവിന്റെ കുറ്റസമ്മത കുറിപ്പ് പൊലീസിനു ലഭിച്ചു. നീണ്ടപാറ വണ്ടിപാറയിൽ 28കാരൻ അരുൺ രാജേഷ് – ജെസി ദമ്പതികളുടെ മകൾ 17കാരി രേഷ്മയെ കുത്തി കൊല്ലുകയായിരുന്നു.
അരുൺ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് 10 പേജുള്ള കത്ത് പോലീസിന് കണ്ടുകിട്ടിയത്. സുഹൃത്തുക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് അരുൺ എന്ന അനു കത്തെഴുതിയിരിക്കുന്നത്.
വർഷങ്ങളായി തനിക്ക് രേഷ്മയും ആയി അടുപ്പമുണ്ടായിരുന്നു എന്ന് അരുൺ കത്തിൽ പറയുന്നു. രേഷ്മ മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ തന്നെ ഒഴിവാക്കാൻ ശ്രമിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനുശേഷം തന്നെയും കാണില്ലെന്നും കത്തിൽ പറയുന്നു.
കൊലപാതകത്തിന് ശേഷം ആത്മഹത്യ എന്നതായിരുന്നു അരുണിന്റെ ലക്ഷ്യം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പോലീസിന് കഴിഞ്ഞദിവസം ലഭിച്ചിരുന്നു.
പോലീസ് നായയുമായുള്ള തിരച്ചിലിൽ പോലീസ് നായ നടന്നു പോയത് പ്രധാന റോഡിലേക്ക് ആണ്. സംഭവത്തിനു ശേഷം പ്രതി റോഡിൽ കയറി രക്ഷപ്പെട്ടിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.
ഉളി പോലുള്ള ഉപകരണം കൊണ്ട് ഹൃദയത്തിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. ഇടതു കൈയ്ക്കും കഴുത്തിലും മുറിവ് പറ്റിയിട്ടുണ്ട്.
മരപ്പണിക്കാരൻ ആയിരുന്നു അരുൺ. ചെറിയ ഉളി എപ്പോഴും അരുൺ കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രാജകുമാരിയിൽ ആരുമായും അരുണിന് അടുത്ത ബന്ധമില്ല.
രേഷ്മയുടെ മൃതദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരചടങ്ങുകൾ കോതമംഗലം വടാട്ടുപ്പാറയിലെ കുടുംബവീട്ടിൽ നടത്തി.
രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാലുദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളും പരിസരവും അണുവിമുക്തമാക്കാൻ ഉള്ള നടപടികളും സ്വീകരിച്ചു. രേഷ്മയുമായി സമ്പർക്കത്തിൽ ഉള്ള രണ്ട് ബാച്ചുകളിലായി 80 വിദ്യാർഥികളാണ് ഉള്ളത്. രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
No comments
Post a Comment