കിയാലിൻെറ തീവെട്ടി കൊള്ളക്കെതിരെ പ്രതിഷേധിക്കുക: എസ്.ഡി.പി.ഐ.
കണ്ണൂർ:
പ്രവാസികളിൽ നിന്നും കോവിഡ് പരിശോധനയുടെ പേരിൽ നടത്തുന്ന പകൽകൊള്ള അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിൽ നിന്നും 72 മണിക്കൂർ പ്രാബല്യമുള്ള കോവിഡ് ടെസ്റ്റിനു ശേഷം യാത്ര ചെയ്തു വരുന്നവരെ വീണ്ടും ടെസ്റ്റ് ചെയ്യുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. വഴിയെ നടന്നു പോകുന്നവരെ വരെ പിടിച്ചു കെട്ടി കോവിഡ് ടെസ്റ്റ് സൗജന്യമായി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. പ്രവാസികളായി പോയി എന്ന ഒറ്റ കാരണത്താൽ അവരെ പിഴിയുന്നു എന്ന് മാത്രമല്ല, കേരളത്തിലെ അറിയപ്പെടുന്ന സ്വകാര്യ ലാബുകളേക്കാൾ അധിക തുകയാണ് കണ്ണൂർ, കൊച്ചി എയർപോർട്ടുകളിൽ നിന്നും ഈടാക്കുന്നത്. ഒരേ ടെസ്റ്റിന് സംസ്ഥാനത്ത് വ്യത്യസ്ഥ നിരക്കുകൾ ഈടാക്കുന്നത് ഇടനിലക്കാരുടെ കമ്മീഷനാണോ എന്ന് കിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. പ്രവാസികൾക്ക് സൗജന്യ പി.സി.ആർ. ടെസ്റ്റ് ഏർപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. അല്ലാത്തപക്ഷം പ്രവാസികളെ അണിനിരത്തിയുള്ള പ്രതിഷേധ പരിപാടികൾ ക്ക് എസ്.ഡി.പി.ഐ. നേതൃത്വം നൽകും.
No comments
Post a Comment