ബസ് യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വീണ്ടും കേരളത്തിലേക്കുള്ള വഴികള്‍ അടച്ച് കര്‍ണാടക
കാസര്‍കോട്:
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കര്‍ണാടക. സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.
കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ബസ് യാത്രക്കാര്‍ക്കും 72മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ പ്രവേശനമുള്ളു. അതേസമയം, രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ കടത്തിവിടുന്നുണ്ട്.
വയനാട് ബാവലി ചെക്ക്‌പോസ്റ്റിലും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുന്നുണ്ട്. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കര്‍ണാട ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ചെക്ക് പോസ്റ്റിന് സമീപം വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. തുടര്‍ന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ കര്‍ശന ഉപാധികളോടെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല എന്നാണ് കര്‍ണാടക ഉദ്യോഗസ്ഥരുടെ നിലപാട്.
ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്.
No comments
Post a Comment