ഗർഭാശയഗള കാൻസറിനെ തടയാൻ കണ്ണപുരം ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയത്തിന് സംവിധാനമൊരുങ്ങി
കണ്ണപുരം പഞ്ചായത്തിലെ ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയ ഉപകരണങ്ങൾ സ്ഥാപിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്തിൻ്റെ കാൻസർ വിമുക്ത കണ്ണപുരമെന്ന ദൗത്യത്തിൻ്റെ ഭാഗമായാണിത്. ഗർഭാശയഗള കാൻസർ ആരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാനുള്ള കോൾപ്പോസ്കോപ്പി, ക്രയോതെറാപ്പി യൂണിറ്റുകളാണ് കണ്ണപുരം പഞ്ചായത്തിലെ ചെറുക്കുന്ന് തറ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങിയത്.
ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച എട്ടു ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്. ലോക അർബുദ ദിനാചരണത്തിൻ്റെ ഭാഗമായാണ് കാൻസർ നിർണയ ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനം നടത്തിയത്.
ഗർഭാശയഗള കാൻസർ നിർണയ സംവിധാനങ്ങൾ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് കണ്ണപുരത്തേത്. പാപ്സ്മിയർ ശേഖരിച്ചുള്ള പരിശോധന നിലവിലുണ്ടെങ്കിലും കോൾപ്പോസ്കോപ്പി, ക്രയോതെറാപ്പി യൂണിറ്റുകൾ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ കോശ മാറ്റങ്ങൾ നേരത്തെ കണ്ടു പിടിച്ച് പ്രാഥമിക ചികിത്സകൾ ആരംഭിക്കാൻ സാധിക്കും. മലബാർ കാൻസർ സെൻ്ററുമായി ചേർന്നാണ് ഗർഭാശയഗള കാൻസറിനെതിരെ കണ്ണപുരം പ്രതിരോധം തീർക്കുന്നത്.
ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷയായി. മലബാർ കാൻസർ സെൻ്റർ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ വി നീതു പദ്ധതി വിശദീകരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വസു ആനന്ദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശൻ, ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment