Header Ads

  • Breaking News

    ഏഴിമല നാവിക അക്കാദമിക്ക് ബോംബ് ഭീഷണി: പ്രതിയെ മുംബൈയില്‍ കണ്ടെത്തി



    ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച പ്രതിയെ മുംബൈയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ താമസക്കാരനായ യുവാവിനെയാണ് പയ്യന്നൂരില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചായി അറിയുന്നു. കേസില്‍ ഉടന്‍ ഹാജരാകണമെന്നറിയിച്ച് ഇയാള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.



    പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുന്ന കാമുകി മറ്റൊരാളെ വിവാഹം ചെയ്തതാണ് ആഭ്യന്തര സുരക്ഷാ മേഖലയായ നാവിക അക്കാദമി ഉള്‍പ്പെടെ മൂന്ന് ആസ്ഥാനങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശമയച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ടിബറ്റന്‍ തീവ്രവാദ ഗ്രൂപ്പിന്റെ പേരിലാണ് ഭീഷണി സന്ദേശമയച്ചത്. നേരത്തെ സൗദി അറേബ്യയിലെ സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണി അയച്ചതിന് ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ടെന്ന് പോലിസ് അറിയിച്ചു.


    പ്രതിയുടെ കാമുകിയായിരുന്ന പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുന്ന അഞ്ജല്‍ റോയി മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള വിരോധമാണ് ഭീഷണി സന്ദേശത്തിനുള്ള കാരണമായി പറയുന്നത്. ഇതിന്റെ വസ്തുതകളും അന്വേഷണ സംഘം പരിശോധിക്കും. 2020 നവംബര്‍ 12നാണ് ബോംബാക്രമണ ഭീഷണി ഏഴിമല നാവിക കേന്ദ്രത്തില്‍ എത്തിയത്. സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.


    എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി കൈമാറി. തുടര്‍ന്ന് നവംബര്‍ 19ന് കേസെടുത്ത പയ്യന്നൂര്‍ പോലിസ് അന്വേഷണത്തിനുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കാനായി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയും നേടിയിരുന്നു. തുടരന്വേഷണത്തിലാണ്കത്തിന്റെ ഉറവിടം മുംബൈയിലാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പയ്യന്നൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എം.സി പ്രമോദ്, എ.എസ്.ഐ സലീം എന്നിവരടങ്ങിയ അന്വേഷണ സംഘം അന്ധേരിയിലെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad