മറ്റൊരാളുമായുള്ള ചങ്ങാത്തത്തില്‍ പ്രകോപിതനായ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തു ഞെരിച്ച് കൊന്നു
ഹൈദരാബാദ്:
സഹപാഠിയുമായുള്ള സൗഹൃദം നിര്‍ത്താനുള്ള ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ യുവാവ് കോളജ് വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.
നരസരപേട്ടിലെ കൃഷ്ണവേണി പ്രൈവറ്റ് ഡിഗ്രി കോളജിലെ വിദ്യാര്‍ഥിനിയായ അനുഷയാണ് മരിച്ചത്. അതേ കോളജില്‍ തന്നെ പഠിക്കുന്ന വിഷ്ണുവര്ധന് റെഡ്ഡിയാണ് കേസിലെ പ്രതി.
മറ്റൊരു സഹപാഠിയുമായി അനുഷ തുടര്‍ന്ന് വന്ന സൗഹൃദം വിഷ്ണുവര്ധന് ഇഷ്ടമല്ലായിരുന്നു. ഇക്കാര്യം സംസാരിക്കുന്നതിനിടെ വഴക്കുണ്ടാവുകയും അനുഷയെ വിഷ്ണുവര്ധന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക ശേഷം മൃതദേഹം പാലപാടക്ക് സമീപത്തുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതി നരസരപേട്ട് പൊലീസില്‍ കീഴടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും ബന്ധുക്കളും പ്രതിഷേധം സംഘടിപ്പിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.
No comments
Post a Comment