നവീകരിച്ച റോഡ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ധർമടം മണ്ഡലത്തിലെ പിണറായി, വേങ്ങാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ കാലയളവില്‍ ആയിരക്കണക്കിന് പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
പിണറായി ആശുപത്രി–- - പുത്തൻകണ്ടം–- - കേളാലൂർ–- - അറത്തിക്കാവ് പന്തക്കപ്പാറ സ്റ്റേഡിയം–- - വെണ്ടുട്ടായി–- - കമ്പൗണ്ടർ ഷോപ്പ് റോഡും വേങ്ങാട് പഞ്ചായത്തിലെ താഴെ കായലോടുനിന്ന് ആരംഭിച്ച് പറമ്പായി–- - ചേരിക്കമ്പനി - കുഴിയിൽപീടികവഴി മമ്പറം–- അഞ്ചരക്കണ്ടി റോഡിൽ മൈലുള്ളി മട്ടയിൽ അവസാനിക്കുന്ന റോഡാണ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് അനുവദിച്ച 13.58 കോടി രൂപ ഉപയോഗിച്ച് 11 കിലോമീറ്ററോളം നീളത്തിൽ 5. 50 മീറ്റർ വീതിയിലാണ് നവീകരണം.
കമ്പൗണ്ടർ ഷോപ്പിൽ നടന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജീവൻ, കെ ഗീത, ജില്ലാ പഞ്ചായത്തംഗങ്ങളായ മുഹമ്മദ് അഫ്സൽ, കോങ്കി രവീന്ദ്രൻ, ചന്ദ്രൻ കല്ലാട്ട്, തലശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മുരിക്കോളി പവിത്രൻ, ടി നിസാർ, സി എം സജിത, ദേശീയപാത വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനിയർ എ മുഹമ്മദ്, കെ എം ഹാരീഷ്, കെ ശശിധരൻ, എൻ വി രമേശൻ, സി കെ ഗോപാലകൃഷ്ണൻ, ആർ കെ ഗിരിധരൻ, ടി പ്രശാന്ത് എന്നിവർ സംസാരിച്ചു.
No comments
Post a Comment