Header Ads

  • Breaking News

    അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ ബാലറ്റ്: മാര്‍ച്ച് 17 നകം അപേക്ഷിക്കണം

    നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത അവശ്യ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍- ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ റിട്ടേണിംഗ്് ഓഫീസര്‍ക്ക് മാര്‍ച്ച് 17ന് മുമ്പായി സമര്‍പ്പിക്കണം.

    വോട്ടര്‍മാര്‍ ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേകം സജ്ജമാക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്ര(പി വി സി)ത്തിലെത്തിയാണ് വോട്ട് ചെയ്യേണ്ടത്. പോസ്റ്റല്‍ ബാലറ്റ് വിതരണവും ഈ കേന്ദ്രത്തില്‍ ആയിരിക്കും.

    പോസ്റ്റല്‍ ബാലറ്റ് വേട്ടിങ്ങിനായി അനുയോജ്യമായ സ്ഥലത്ത് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് കേന്ദ്രം സജ്ജീകരിക്കുക. വോട്ടിംഗ് കേന്ദ്രം, വോട്ടിംഗിന്റെ തീയതി, സമയം എന്നിവ വോട്ടറെ എസ് എം എസ്/ തപാല്‍ മാര്‍ഗത്തിലോ ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേനയോ അറിയിക്കും. വോട്ടര്‍ക്ക് നിശ്ചയിക്കപ്പെട്ട ദിവസം സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് വോട്ട് ചെയ്യാം. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചവര്‍ക്ക് ഇത്തരത്തില്‍ വോട്ടിംഗ് കേന്ദ്രത്തിലൂടെ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ കേന്ദ്രങ്ങളില്‍ നിയോഗിക്കാവുന്നതാണ്.


    No comments

    Post Top Ad

    Post Bottom Ad