ഗൂഗിളിൽ സെർച്ച് ചെയ്ത നമ്പറിൽ കസ്റ്റമർ കെയറെ വിളിച്ചു; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 5 ലക്ഷം രൂപ
പരിയാരം:
എ.ടി.എമ്മില്‍ നിന്ന് ആവശ്യപ്പെട്ട പണം ലഭിക്കാത്തതിന്റെ പരാതി പറയാന്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കനറാ ബാങ്കിന്റെ കസ്റ്റമര്‍കെയര്‍ വിഭാഗത്തിനോട് സംസാരിച്ച പ്രവാസിക്ക് നഷ്ടമായത് സ്വന്തം അക്കൗണ്ടിലെ അഞ്ച് ലക്ഷം രൂപ. പരിയാരം കോരന്‍പീടിക അണ്ടോംകുളത്തെ പുളുക്കൂല്‍ മഷ്ഹൂക്കിനാണ് പണം നഷ്ടമായത്. വിദേശത്തുനിന്ന് നാട്ടിലെത്തിയ മഹ്ഷൂക്ക് മാര്‍ച്ച് ഒന്നിന് പണമെടുക്കാന്‍ ചിതപ്പിലെപൊയിലിലുള്ള എസ് ബി ഐ എ.ടി.എമ്മില്‍ കയറി. 20,000 രൂപയാണ് ആവശ്യമെന്നതിനാല്‍ രണ്ട് തവണയായി എടുക്കാന്‍ ആദ്യതവണ എടിഎമ്മില്‍ നിന്ന് 10,000 രൂപ ലഭിച്ചെങ്കിലും രണ്ടാം തവണ പണം ലഭിച്ചില്ലെങ്കിലും പണം എടുത്തതായി എസ് എം എസ് സന്ദേശം വന്നു.
ഇതോടെ വേവലാതിയിലായ മഹ്ഷൂക്ക് വിവരം പറയാന്‍ കനറാ ബേങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഹിന്ദിയില്‍ വളരെ മാന്യമായി സംസാരിക്കുന്ന കസ്റ്റമര്‍ കെയര്‍ ഓഫീസറെയാണ് ലഭിച്ചത.് ഉടനടി ബേങ്കിന്റെ കസ്റ്രമര്‍ കെയറില്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട ഇദ്ദേഹം പണം തിരികെ കിട്ടാന്‍ ഇത് ആവശ്യമാണെന്നും വിശ്വസിപ്പിച്ചു. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉടനടി ഒരു ലിങ്ക് എസ് എം എസായി ലഭിക്കുമെന്നും വ്യക്തിഗത വിവരങ്ങള്‍ ഇതില്‍ പൂരിപ്പിച്ച് നല്‍കണമെന്നും കസ്റ്റമര്‍കെയര്‍ ഓഫീസര്‍ പറഞ്ഞു. പേരും മറ്റ് വിശദവിവരങ്ങളും ഒ ടി പി നമ്പറും എല്ലാം ഫോമില്‍ പൂരിപ്പിച്ച് നല്‍കി.
പിന്നീടാണ് അഞ്ച് ലക്ഷം രൂപ 20 തവണകളായി മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി സന്ദേശം ലഭിച്ചത്. പുതിയ വീടുപണിയാനായി സ്വരൂപിച്ച് വെച്ച പണമാണ് മഷ്ഹൂക്കിന് നഷ്ടമായത്. പരിയാരം പോലീസില്‍ പരാതി നല്‍കിയെങ്കിലും വിശദമായ അന്വേഷണം നടത്താന്‍ റൂറല്‍ പോലീസ് മേധാവി നവനീത് ശര്‍മ്മക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതി പ്രകാരം സൈബര്‍സെല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബാങ്കുകളുടെ കസ്റ്റമര്‍കെയര്‍ നമ്പര്‍ എന്ന വ്യാജേന തട്ടിപ്പുകാര്‍ ഗൂഗിളില്‍ നുഴഞ്ഞുകയറിയാണ് പരാതിക്കാരെ വലയിലാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.
No comments
Post a Comment