Header Ads

  • Breaking News

    വാരണാസിയിൽ ടീച്ചറായി പത്മിനി


    (പിലാത്തറയിലെ എം വി പത്മിനി (മാസ്ക് ധരിച്ച) വാരണാസിയിലെ കുടുംബിനികളെ കുടുംബശ്രീ സംവിധാനത്തെക്കുറിച്ച്‌ പഠിപ്പിക്കുന്നു)



    പിലാത്തറ: 

    പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയിൽ  കുടുംബിനികളെ ബോധവൽക്കരിക്കുകയാണ്‌ പിലാത്തറ അറത്തിപ്പറമ്പിലെ വീട്ടമ്മ.  

    ചെറുതാഴം  പഞ്ചായത്തിൽ  പത്തുവർഷം സിഡിഎസ് ചെയർപേഴ്സണായിരുന്ന എം വി  പത്മിനിയാണ് ഉത്തരേന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ചത്. നാഷണൽ റിസോഴ്സസ് ഓർഗനൈസേഷന്റെ  ഭാഗമായി കേരളത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാനാണ്‌  കഴിഞ്ഞ അഞ്ചുവർഷമായി ഇവർ  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണുള്ളത്‌‌.
     
    രണ്ടുവർഷം അസമിലും ഒന്നരവർഷം ചത്തീസ്ഗഡിലും ഇപ്പോൾ  രണ്ട്‌ വർഷമായി  വാരണാസിയിലുമാണ്‌. കേരള മോഡൽ കുടുംബശ്രീ  മറ്റു സംസ്ഥാനങ്ങളിൽ കാണാനേ ഇല്ല. കണ്ടത്  ഉത്തരേന്ത്യൻ സമൂഹത്തിൽ സ്ത്രീകളനുഭവിക്കുന്ന പറഞ്ഞാൽ തീരാത്ത ചൂഷണങ്ങൾ. ഭൂരിഭാഗം പേർക്കും അക്ഷരാഭ്യാസമില്ല. ആനുകൂല്യങ്ങളെപ്പറ്റിയും അവകാശങ്ങളെ പറ്റിയും അറിയില്ല. ഗ്രാമസഭകൾ ചേരാറില്ല. 
     
    തൊഴിലുറപ്പ് ഉൾപ്പെടെ പഞ്ചായത്തിലേക്ക് വരുന്ന ഫണ്ടുകൾ ഉദ്യോഗസ്ഥരുടെ  സഹായത്തോടെ പലരും  അടിച്ചുമാറ്റും. ഗോതമ്പുപാടങ്ങളിലും കന്നുകാലി പരിപാലനത്തിലും ജീവിതം തളയ്‌ക്കപ്പെട്ട ഉത്തരേന്ത്യൻ യുവതികൾ ഇപ്പോഴാണ് ചെറുതായി സംഘടിക്കുന്നത്. കേരളത്തിലേതുപോലെ  കുടുംബശ്രീ സംവിധാനമില്ല. ആഴ്ചയിലൊരിക്കൽ തുച്ഛമായ വിഹിതമെടുക്കുമെന്നല്ലാതെ മറ്റൊന്നുമില്ല.  
     
    സമാജ്‌വാദി പാർടി എംഎൽഎയുടെ വാടകവീട്ടിലാണ് പത്മിനി ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് ചന്ദ്രൻ നാട്ടിൽ കൂലിപ്പണിക്കാരനാണ്. മകൻ  രാഹുൽ പിലാത്തറയിലെ  സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. മകൾ രാജി ഹോക്കിയിൽ മുൻ ദേശീയ താരമായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad