Header Ads

  • Breaking News

    രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു


    വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ഇരട്ട വോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെയും സാന്നിധ്യത്തില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.
    ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നതായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആരോപിച്ചു.

    ഒരു വോട്ടര്‍ തന്നെ വ്യത്യസ്ത പേരുകളില്‍ വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തിലുള്ളത്. ഇത് വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടക്കുന്നതിന് കാരണമാകും. ഇതില്‍ ഉടന്‍ നടപടിയുണ്ടാകണം. അതേ സമയം ഒരു വോട്ടറുടെയും വോട്ടവകാശം ഹനിക്കപ്പെടാനിടയാക്കരുത്. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ കണ്ടെത്തിയ വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അംഗീകാരമുള്ള പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
    80 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്കായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിംഗിന്റെ സുതാര്യത ഉറപ്പാക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. നിലവിലെ ഉത്തരവ് പ്രകാരം തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം നേരിട്ട് വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.

    വോട്ടര്‍ സ്വകാര്യമായി വോട്ട് രേഖപ്പെടുത്തി പ്രത്യേക കവറിലാക്കി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയോ ദൂതന്‍ മുഖാന്തരം റിട്ടേണിംഗ് ഓഫീസര്‍ക്ക് നേരിട്ട് എത്തിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന രീതി സുതാര്യമല്ലെന്നും ഇത് ദുരുപയോഗം ചെയ്യാപ്പെടാനുള്ള സാധ്യതയുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സഹായി വോട്ട് ചെയ്യുന്നത് മുഴുവനായും റെക്കോഡ് ചെയ്യപ്പെടണമെന്നും ഓക്‌സിലറി ബൂത്തുകളുടെ പട്ടിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.


    തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ പൊലീസിന് എഴുതിത്തന്നെ നല്‍കേണ്ടതാണ്. ഇതിന്റെ പകര്‍പ്പ് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്കും ലഭ്യമാക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും സ്ഥാനാര്‍ഥികള്‍ ഏജന്റുമാരെ നിയോഗിക്കുന്നുണ്ട്. എന്തെങ്കിലും ക്രമക്കേട് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കാവുന്നതാണെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ യോഗത്തില്‍ അറിയിച്ചു.
    കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, സബ്ബ് കലക്ടര്‍ അനുകുമാരി, അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, റൂറല്‍ എസ് പി ഡോ. നവനീത് ശര്‍മ്മ, എ ഡി എം ഇ പി മേഴ്‌സി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ പി സഹദേവന്‍ (സി പി ഐ എം), പി പി ദിവാകരന്‍ (ജനദാതള്‍ എസ്), രത്‌നകുമാര്‍ (ആര്‍ എസ് പി), കെ സി മുഹമ്മദ് ഫൈസല്‍ ( ഐ എന്‍ സി), അഡ്വ അബ്ദുള്‍ കരീം ചേലേരി ( ഐയുഎംഎല്‍), സി പി സന്തോഷ് കുമാര്‍ (സിപിഐ), കെ കെ വിനോദ് കുമാര്‍ (ബിജെപി) തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad