Header Ads

  • Breaking News

    സർക്കാർ മാധ്യമങ്ങളെ ഉപയോഗിച്ച് ജനവികാരം അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല




    ഇരിക്കൂർ : 
    സംസ്ഥാനത്ത് വളരെ ബോധപൂർവ്വം മാധ്യമങ്ങളെ ഉപയോഗിച്ച് ജനവികാരം അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയുടെ പണക്കൊഴുപ്പ് ഈ തെരഞ്ഞെടുപ്പിൽ കാണാം. ഇത് ജനകീയ വിജയത്തെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂറിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവികാരത്തെ അട്ടിമറിക്കാൻ ഏറ്റവും വലിയ തെറ്റായ മാർഗ്ഗമാണ് ഇവർ ഉപയോഗിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങൾക്ക് 200 കോടിയിലധികം രൂപയുടെ പരസ്യമാണ് അനുവദിച്ചിരിക്കുന്നത്. 53 കോടി രൂപ കിഫ്ബി വഴിയും അനുവദിച്ചു. ഇങ്ങനെ പരസ്യങ്ങൾ വാരിക്കോരി കൊടുത്ത് മാധ്യമങ്ങളെ സ്വാധീനിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അങ്ങനെ മാധ്യമങ്ങൾ പലവിധ സർവേകളും കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒരു ആധികാരികതയുമില്ലാത്ത ഫലങ്ങളാണ് ഇവ. നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ തോൽക്കും കുമ്മനം ജയിക്കുമെന്നും പാലക്കാട് ശ്രീകണ്ഠൻ മൂന്നാം സ്ഥാനത്ത് എന്നുമൊക്കെയാണ് പറഞ്ഞത്.എന്നിട്ടെന്തായിയെന്നും അദ്ദേഹം ചോദിച്ചു.
    അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. മണൽ അഴിമതി, ബെവ്കോ അഴിമതി തുടങ്ങി ഇ.എം.സി.സി വരെ ഒന്നിനുപിറകെ ഒന്നായി ക്യാൻസർ പോലെ നിൽക്കുകയാണ്.
    യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ അഴിമതിക്കാരെ മുഴുവൻ വെളിച്ചത്ത്‌ കൊണ്ടുവന്ന് കൽത്തുറുങ്കിലടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇരിക്കൂറിൽ അഡ്വ. സജീവ് ജോസഫിന്റെ വിജയം അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

       കേരള കോൺഗ്രസ്  എം നേതാവായിരുന്ന രാജേഷ് നമ്പ്യാർ അംഗത്വം രാജി വച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ ചേരുകയും വേദിയിൽ വച്ച് രമേശ് ചെന്നിത്തല കോൺഗ്രസ് അംഗത്വം നൽകി രാജേഷിനെ സ്വീകരിച്ചു.

      യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ നാരായണൻ, സജീവ് മാറോളി,കെ.പി.സി.സി സെക്രട്ടറി കെ.വി ഫിലോമിന,യു.ഡി എഫ് ജില്ലാ ചെയർമാൻ പി ടി മാത്യു, ഇരിക്കൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തോമസ് വെക്കത്താനം, ഡിസിസി ജനറൽ സെക്രട്ടറി  നൗഷാദ് ബ്ലാത്തൂർ, യുഡി എഫ് നേതാക്കളായ കെ കെ സത്താർ ഹാജി, കെ ടി നസീർ, കെ ആർ അബ്ദുൾ ഖാദർ,എം ഉമ്മർ ഹാജി, , പ്രവാസി ലീഗ് ജില്ലാ ട്രഷറർ യു പി അബ്ദുൽ റഹ്മാൻ, മുസ്ലിം ലീഗ് നേതാകളായ സി.കെ മുഹമ്മദ്‌ മാസ്റ്റർ, പി.കെ ഷംസുദീൻ, കെ മുഹമ്മദ്‌ അഷ്‌റഫ്‌, ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സി നസിയത്ത്,ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി ശ്രീധരൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി.വി.എൻ യാസറ,സി.വി ഫൈസൽ, അഡ്വ എ പി ജാഫർ സാദിക്ക്, ആർ പി ഷഫീഖ്, വി.സി ജുനൈർ തുടങ്ങിയവർ പങ്കെടുത്തു.



    No comments

    Post Top Ad

    Post Bottom Ad