Header Ads

  • Breaking News

    കൊവിഡ് വോട്ടര്‍മാര്‍ ആറിനും ഏഴിനുമിടയില്‍ ബൂത്തിലെത്തണം

    ജനറല്‍ വോട്ടര്‍ ആറ് മണിക്ക് മുമ്പായി എത്തണം

    നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ വോട്ടര്‍മാര്‍ വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ പോളിംഗ് ബൂത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. അവര്‍ ബൂത്തിലെത്തിയ വിവരം സഹായി മുഖേന ഏഴു മണിക്ക് മുമ്പ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. ഏഴു മണിക്കു ശേഷം പോളിംഗ് സ്‌റ്റേഷനില്‍ എത്തുന്ന കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നതുമായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുകയില്ല.

    അതേസമയം, ആറു മണിക്ക് മുമ്പ് പോളിംഗ് സ്‌റ്റേഷനിലെത്തുന്ന അവസാന ജനറല്‍ വോട്ടറും വോട്ട് രേഖപ്പെടുത്തിയ ശേഷമേ കൊവിഡ്/ക്വാറന്റൈന്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. അതുവരെ അവര്‍ പ്രത്യേകം സജ്ജമാക്കിയ കാത്തിരിപ്പ് കേന്ദ്രത്തിലോ വന്ന വാഹനങ്ങളിലോ കാത്തിരിക്കണം. സാധാരണ വോട്ടര്‍മാര്‍ ആറു മണിക്കു മുമ്പായി തന്നെ വോട്ടിംഗ് കേന്ദ്രത്തിലെത്തണം. ആറു മണി കഴിഞ്ഞ് എത്തുന്ന സാധാരണ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനാവില്ല.

    വോട്ട് ചെയ്യാനെത്തുന്ന കൊവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും ലഭിക്കുന്ന പ്രത്യേക ഫോര്‍മാറ്റിലുള്ള കൊവിഡ്/ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തപാല്‍ വോട്ട് ചെയ്യുന്നതിനായി ഫോറം 12ഡിയില്‍ വരണാധികാരികള്‍ക്ക് നേരത്തേ അപേക്ഷ നല്‍കിയവര്‍ക്ക് പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് ചെയ്യാനാവില്ല. അവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം വെള്ളിയാഴ്ച തുടങ്ങി. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നത്.

    രഹസ്യമായി വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റല്‍ ബാലറ്റ് പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറുകയോ റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൂതന്‍ മുഖാന്തിരം എത്തിക്കുകയോ ചെയ്യാം. കാഴ്ച വൈകല്യം മൂലമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളാലോ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad