Header Ads

  • Breaking News

    ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തില്ല; നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം വിലക്കിയതായി ആരോപണം



    കണ്ണൂരില്‍ ആരോഗ്യ മന്ത്രിയുടെ പരിപാടിയില്‍ സദസ്യരായി എത്താത്തതിനാല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം വിലക്കിയതായി ആരോപണം. തലശേരി സഹകരണ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് തലശേരി സഹകരണ ആശുപത്രി പരിശീലന വിലക്കേര്‍പ്പെടുത്തിയത്. സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ തമ്മിലാണ് തര്‍ക്കം. എന്നാല്‍ കരാര്‍ കാലാവധിയുമായി ബന്ധപ്പെട്ട വിഷയമാണ് വിലക്കിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

    ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തലശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. ഓണ്‍ലൈനായി നടത്താനിരുന്ന ചടങ്ങ് ആരോഗ്യ മന്ത്രി നേരിട്ടെത്തി നിര്‍വഹിക്കാന്‍ തീരുമാനിച്ചു. ചടങ്ങിന് ഒരു മണിക്കൂര്‍ മുന്‍പാണ് സദസ്യരായി വിദ്യാര്‍ത്ഥികളെ അയക്കണമെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഓഫീസില്‍ നിന്നും തലശേരി സഹകരണ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടത്. സിപിഐഎം നിയന്ത്രണത്തില്‍ തന്നെയുള്ള തലശേരി സഹകരണ ആശുപത്രിയിലും മറ്റുമായി പരിശീലനത്തിലായിരുന്നു ഈ സമയം കോളജിലെ മുപ്പത് വിദ്യാര്‍ത്ഥികളും. ഉദ്ഘാടന സമയമാകുമ്പോഴേക്കും വിദ്യാര്‍ത്ഥികളെ എത്തിക്കുക പ്രായോഗികമല്ലെന്ന് പ്രിന്‍സിപ്പല്‍ മറുപടി നല്‍കി. ഇനി വിദ്യാര്‍ത്ഥികളെ പരിശീലനത്തിന് അയക്കേണ്ടെന്ന് തൊട്ടടുത്ത ദിവസം കോളജിന് നിര്‍ദേശം ലഭിച്ചെന്നാണ് പരാതി. ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കുകയും ചെയ്തു.

    പ്രശ്‌നം പരിഹരിക്കാനായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്താന്‍ കോളജ് ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ലെന്നും ആരോപണമുണ്ട്. സിപിഐഎം വടകര ഏരിയ കമ്മറ്റി അംഗം എം.പത്മനാഭന്‍ പ്രസിഡന്റായ സഹകരണ ആശുപത്രി ഫെഡറേഷന്റെ കീഴിലാണ് നഴ്‌സിംഗ് കോളജ് പ്രവര്‍ത്തിക്കുന്നത്. കോളജും ആശുപത്രിയും തമ്മിലുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പരിശീലനം നിര്‍ത്തി വെച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആരോഗ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങുമായി സംഭവത്തിന് ബന്ധമില്ലെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എയും പ്രതികരിച്ചു. എന്തായാലും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പരിശീലനം അവതാളത്തിലായിരിക്കുകയാണ്. സിപിഐഎം നേതൃത്വം നല്‍കുന്ന രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad