ഉമ്മൻചാണ്ടിയുടെ വാഹനം തടഞ്ഞ് പ്രവർത്തകർ,പുതുപ്പള്ളിയിൽ നാടകീയ രംഗങ്ങൾ
കോട്ടയം:
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുഡിഎഫ് സ്ഥാനാർഥിയായി നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനുമുന്നിൽ മുദ്രാവാക്യം വിളികളുമായി നൂറുകണക്കിന് പ്രവർത്തകർ.ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടരുതെന്ന ആവശ്യവുമായാണ് പ്രവർത്തകർ തടിച്ചു കൂടിയിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ വാഹനം തടഞ്ഞു നിർത്തിയാണ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത്.ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറേണ്ട എന്ന ആവശ്യവുമായി വൈകാരികമായാണ് പ്രവർത്തകർ കാറിന് മുന്നിൽ തടിച്ചു കൂടിയത്. ഉമ്മൻചാണ്ടിയുടെ വീടിനു മുകളിൽ വരെ പ്രവർത്തകർ കയറി. ഒടുവിൽ വളരെ നേരം എടുത്താണ് ഉമ്മൻചാണ്ടിക്ക് വീടിനുള്ളിലേക്ക് കയറാൻ കഴിഞ്ഞത്.
പല പ്രവർത്തകരും ഇതിനിടയിൽ കാറിന് അടുത്തെത്തി കരയുക പോലുമുണ്ടായി. വനിതാ പ്രവർത്തകർ ഉൾപ്പെടെ ഉമ്മൻചാണ്ടി എത്തുമ്പോൾ റോഡിൽ കുത്തി ഇരിക്കുകയായിരുന്നു. രാവിലെയാണ് ഉമ്മൻചാണ്ടി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയത്.തുടർന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്ക് എത്തുമ്പോഴാണ് വൈകാരിക സംഭവവികാസങ്ങൾ.
No comments
Post a Comment