Header Ads

  • Breaking News

    മരിച്ചവരുടെ പേരില്‍ വരെ തിരിച്ചറിയല്‍ കാര്‍ഡ്, ഇരട്ടവോട്ടിന് പിന്നില്‍ കളിച്ചവർ കുടുങ്ങും: തിരഞ്ഞെടുപ്പ് കമ്മിഷന്‍



    തിരുവനന്തപുരം: ഇരട്ടവോട്ട് ചേര്‍ത്ത ജീവനക്കാരെ കണ്ടെത്താനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഊര്‍ജിതമാക്കും. താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമുണ്ടെന്നും അവരാണ് ഇതു ചെയ്തതെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞദിവസം പറഞ്ഞത്. അവരെ കണ്ടുപിടിച്ച്‌ വിശദീകരണം തേടുമെന്നും ഇത് തൃപ്തികരമല്ലെങ്കില്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കള്ളത്തരത്തിന് ഒത്താശ പിടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പ്.

    വെറും അഞ്ച് ശതമാനം ഉദ്യോഗസ്ഥരാണ് പ്രശ്നക്കാരെന്നാണ് കമ്മിഷന്‍ പറയുന്നത്. ചിലര്‍ മരിച്ചവരുടെ പേരില്‍ വരെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടുമിക്ക മണ്ഡലങ്ങളിലും ആയിരക്കണക്കിന് ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. അദ്ദേഹം തെളിവുകള്‍ സഹിതം പുറത്തുവിട്ടതോടെ ആരോപണഞ്ഞില്‍ കാര്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ ബോധ്യപ്പെടുകയും ചെയ്തു.



    കഴിഞ്ഞദിവസം ഇരട്ടവോട്ടുകള്‍ നീക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശിന്റെ പരാതി. എന്നാൽ ഇതിൽ മറ്റൊരു വശവും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലര്‍ക്കും വോട്ടില്ലായിരുന്നു. അതിനുശേഷം ഒന്‍പത് ലക്ഷം പുതിയ അപേക്ഷകളാണ് കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പേരില്ലാത്തതിനാല്‍ ഇതിലും പേര് ഉണ്ടാവില്ലെന്നു കരുതിയാണ് പലരും അപക്ഷിച്ചത്.

    വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ തന്നെ വീണ്ടും അപേക്ഷിച്ചു. രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടും മുൻപ് തന്നെ ഇരട്ടവോട്ടുകളുടെ ശുദ്ധീകരണം തുടങ്ങിയതാണ്. നാല് വര്‍ഷമായി തുടങ്ങിയിട്ട്. 64 ലക്ഷം ഇരട്ട വോട്ടുകള്‍ ഡിസംബറില്‍ ആറായിരമാക്കി കുറച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇരട്ടിപ്പ് ഉയര്‍ന്നതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഈ പേരുകള്‍ നീക്കം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം നിറുത്തിവച്ചിരിക്കുകയാണ് മീണ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad