അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കണം: ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി മാളവിക മോഹൻ
ഛായാഗ്രഹകനായ കെ. യു മോഹനന്റെ മകളാണ് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി മാളവിക മോഹനന്‍. ദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി തിളങ്ങിയതോടെ തമിഴിലും പ്രിയ താരം ആയിരിക്കുകയാണ് മാളവിക. ക്യാമറാമാൻ അഴകപ്പൻ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തുന്നത്. അച്ഛനെ പോലെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മാളവികയ്ക്കും താത്പര്യം. എന്നാല്‍ അഭിനയത്തില്‍ എത്തിപ്പെടുകയായിരുന്നു എന്ന് താരം പറയുന്നു.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാളവിക തന്റെ മനസ് തുറന്നത്. പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയ സമയത്താണ് അമ്മയ്‌ക്കൊപ്പം നടിയെ കാണാന്‍ എത്തുന്നത്. എന്നാല്‍ ആ സമയത്ത് സിനിമ സ്വപ്നത്തിലെ ഉണ്ടായിരുന്നില്ല. ആകെ ആ ഒരു അഭിമുഖത്തിനു മാത്രമേ അമ്മയ്‌ക്കൊപ്പം ഞാന്‍ പോയിട്ടുള്ളൂ. മിസ് വേള്‍ഡിനെ കാണാന്‍ അത്ര ആഗ്രഹത്തോടെയാണ് പോയത്. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ടീനേജ് മുതല്‍ക്കേ മോഡലിങിനോടും, സൗന്ദര്യമത്സരങ്ങളോടും താല്‍പര്യം തോന്നിയിരുന്നില്ല. അത്തരം മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിലും ഒക്കെ കൃത്രിമത്വം തോന്നിയിരുന്നു. മാളവിക പറഞ്ഞു.
അച്ഛന്റെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. ആ സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണ്. അച്ഛന്റെ ക്യാമറയ്ക്കു മുന്നില്‍ ഞാന്‍ നില്‍ക്കുന്ന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. അതൊരു വലിയ അംഗീകാരമായിരിക്കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അതു സംഭവിക്കുമെന്ന് കരുതുന്നു. താരം കൂട്ടിച്ചേർത്തു.
No comments
Post a Comment