മഹാരാജാസ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് ക്രൂരമർദനം
മഹാരാജാസ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് ക്രൂരമർദനം |
കൊച്ചി:
മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് ക്രൂരമർദനം. 15 പേരടങ്ങുന്ന സംഘമാണ് ഒന്നാംവർഷ മലയാളം ബിരുദവിദ്യാർഥി റോബിൻസിനെ മർദിച്ചത്. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് റോബിൻസ്. റാഗിങ്ങിന്റെ പേരിൽ 16 മണിക്കൂറോളം മർദിച്ചെന്നാണ് പരാതി.
മലപ്പുറം സ്വദേശിയായ റോബിൻസ് നാട്ടിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനായി പ്രവർത്തിച്ചിരുന്നു. മഹാരാജാസിലെത്തിയപ്പോൾ എസ്.എഫ്.ഐ. പ്രവർത്തകർ റോബിൻസിനോട് പൊതുപിരിവിന് പോകാൻ പറഞ്ഞു. എന്നാൽ, എൻ.സി.സി.യുടെ ഭാഗമാണെന്നും അതിനാൽ പോകാനാകില്ലെന്നും റോബിൻസ് അറിയിച്ചു. തുടർന്ന് റോബിൻസിനെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ മെൻസ് ഹോസ്റ്റലിൽ പ്രവേശനം ശരിയായിട്ടുണ്ടെന്നു പറഞ്ഞാണ് ചിലർ റോബിൻസിനെ വിളിച്ചുക്കൊണ്ടുപോയത്. തുടർന്ന് മൂന്നാംനിലയിലെത്തിച്ച് മർദിക്കുകയായിരുന്നു.
ബെഞ്ചിൽ കൈകൾകെട്ടി കിടത്തിയശേഷം മുട്ടിനുതാഴെ പി.വി.സി. പൈപ്പ് കൊണ്ട് അടിക്കുകയും മുഖത്ത് മർദിക്കുകയുമായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 14 പേർ മാറിമാറി തുടർച്ചയായി മർദിച്ചെന്നാണ് പരാതി. രാത്രി ഉറങ്ങാതിരിക്കാൻ തലയിൽ വെള്ളം ഒഴിച്ചു. തളർന്നുവീണപ്പോൾ നിർബന്ധിച്ച് നൃത്തം ചെയ്യിച്ചു. നഗ്നനാക്കി വീഡിയോ എടുത്തതായും ആരോപണമുണ്ട്.
വിവരം പുറത്തുപറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ശനിയാഴ്ച രാവിലെ 11-നാണ് വിട്ടയച്ചത്. കോളേജിലെത്തിയ റോബിൻസ് ബോധരഹിതനായി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെവെച്ചാണ് മർദന വിവരം റോബിൻസ് പുറത്തുപറഞ്ഞത്. എറണാകുളം സെൻട്രൽ പോലീസിനും കോളേജ് പ്രിൻസിപ്പലിനും യു.യു.സി.ക്കും പരാതി നൽകി.
റോബിൻസ് കെ.എസ്.യു.വിൽ പ്രവർത്തിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമെന്നും സംഭവം റാഗിങ്ങല്ലെന്നുമാണ് പോലീസിന്റെ പ്രാഥമികമായ നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റോബിൻസിനെതിരേ ഒരു പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും ഇതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമാണ് എസ്.എഫ്.ഐ.യുടെ വാദം. റോബിൻസിന്റെ പരാതി ആന്റി റാഗിങ് സെല്ലിന് കൈമാറിയതായും റോബിൻസിനെതിരേ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ മാത്യു ജോർജ് പറഞ്ഞു.
No comments
Post a Comment