'കാമരാജ് 4.75/5 റേറ്റിംഗ് ഉള്ള ഡെലിവറി എക്സിക്യുട്ടിവ്'; ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച് സൊമാറ്റോ
ബംഗളൂരു:
ഉപഭോക്താവിനെ മര്‍ദ്ദിച്ചെന്ന സംഭവത്തില്‍ ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച് സൊമാറ്റോ. സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററില്‍ പങ്കുവച്ച സൊമാറ്റോയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യം എന്താണെന്ന് കണ്ടെത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഹിതേഷയെയും കാമരാജിനെയും പിന്തുണയ്ക്കുമെന്നും ട്വിറ്ററില്‍ സൊമാറ്റോ വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെടുന്ന രീതിയില്‍ പൊലീസിനെയും തങ്ങള്‍ സഹായിക്കുമെന്നും സൊമാറ്റോ അറിയിച്ചു.
'സത്യം എന്താണെന്ന് കണ്ടെത്തുന്നതിന് ആയിരിക്കും ഞങ്ങളുടെ മുന്‍ഗണന. ഇതിന്റെ ഭാഗമായി ഹിതേഷയെയും കാമരാജിനെയും (ഞങ്ങളുടെ ഡെലിവറി പങ്കാളി) അന്വേഷണത്തിന്റെ സമയത്ത് എല്ലാ പിന്തുണയും നല്‍കും. പൊലീസ് ആവശ്യപ്പെടുന്ന എന്ത് സഹായവും ഞങ്ങള്‍ നല്‍കും. ഹിതേഷയുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. അവരുടെ വൈദ്യ സംബന്ധമായ ചിലവുകള്‍ക്കും തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്കുമായി അവരെ നിരന്തരം ബന്ധപ്പെട്ടു വരികയാണ്.' - സൊമാറ്റോ അറിയിച്ചു.
അതുപോലെ, കാമരാജുമായും ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. സംഭവത്തിന്റെ രണ്ടു ഭാഗവും വെളിച്ചത്തു കൊണ്ടു വരാന്‍ പിന്തുണ നല്‍കും. കാര്യങ്ങള്‍ക്ക് കൂടുതല്‍ തെളിമയും വ്യക്തതയും കൊണ്ടു വരാനുള്ള നടപടി ക്രമങ്ങളാണ് ഇത്.
പ്രോട്ടോക്കോള്‍ അനുസരിച്ച് കാമരാജിനെ ആക്ടിവ് ഡെലിവറികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമപരമായ ചെലവുകള്‍ കവര്‍ ചെയ്യും.
റെക്കോര്‍ഡിലേക്ക് ഒരു കാര്യം കൂടി - കാമരാജ് ഇതുവരെ ഞങ്ങള്‍ക്കൊപ്പം 5000 ഡെലിവറികള്‍ നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ അദ്ദേഹത്തിന്റെ റേറ്റിംഗ് 4.75/5 ആണ്. ഏറ്റവും ഉയര്‍ന്ന റേറ്റിംഗില്‍ ഒന്നാണിത്. കഴിഞ്ഞ 26 മാസമായി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നു. (ഇത് യാഥാര്‍ത്ഥ്യങ്ങളാണ്, അഭിപ്രായങ്ങളോ അനുമാനങ്ങളോ അല്ല)
നിങ്ങളുടെ കരുതലിന് നന്ദി പറയുന്നു. താമസിയാതെ തന്നെ സത്യം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.' - സൊമാറ്റോ. ഇത്രയുമാണ് പ്രസ്താവനയില്‍ സൊമാറ്റോ വ്യക്തമാക്കുന്നത്.
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സൊമാറ്റോ ജീവനക്കാരന്‍ തന്‍റെ മൂക്കിടിച്ച് തകര്‍ത്തതായാണ് ഹിതേഷ ആരോപിച്ചത്. ചോരയൊലിപ്പിക്കുന്ന മൂക്കുമായി നില്‍ക്കുന്ന വീഡിയോയിലാണ് തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പങ്കുവച്ചത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു
എന്നാല്‍, ഭക്ഷണം സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത യുവതിയെ ആക്രമിച്ചെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡെലിവറി ബോയ് രംഗത്തെത്തി. താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും യുവതി വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ചെരിപ്പൂരി തന്നെ എറിയുക ആയിരുന്നെന്നും ആരോപണങ്ങള്‍ക്ക് വിധേയനായ ഡെലിവറി ബോയ് പറഞ്ഞു.
'ഞാന്‍ അവരുടെ അപ്പാര്‍ട്മെന്റിന് മുമ്ബില്‍ എത്തിയതിനു ശേഷം ഭക്ഷണം അവര്‍ക്ക് കൈമാറുകയും പണം ലഭിക്കുന്നതിനായി കാത്തു നില്‍ക്കുകയും ചെയ്തു. കാഷ് ഓണ്‍ ഡെലിവറി ആയിരുന്നു അവര്‍ പണം അടയ്ക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നത്.' - ന്യൂസ് മിനിറ്റിനോട് സംസാരിക്കവെ കാമരാജ് വ്യക്തമാക്കി.
ഗതാഗതക്കുരുക്കും മോശം റോഡും കാരണം ഡെലിവറി എത്തിച്ചു നല്‍കാന്‍ വൈകിയതില്‍ താന്‍ അവരോട് ക്ഷമ ചോദിച്ചെന്നും എന്നാല്‍ തന്നോട് വളരെ മോശമായാണ് ചന്ദ്രാനി പെരുമാറിയതെന്നും ഡെലിവറി ബോയ് പറഞ്ഞു.
'നിങ്ങള്‍ എന്താണ് വൈകിയതെന്ന് അവര്‍ എന്നോട് ചോദിച്ചു. ചില സിവിക് ജോലികള്‍ നടക്കുന്നുണ്ടെന്നും ഗതാഗതക്കുരുക്ക് ഉണ്ടെന്നും പറയുകയും വൈകിയതില്‍ അവരോട് ക്ഷമായാചനം നടത്തുകയും ചെയ്തു. എന്നാല്‍, ഓര്‍ഡര്‍ 40 - 45 മിനിറ്റിനുള്ളില്‍ നല്‍കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഞാന്‍ ഈ ജോലി ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ഘട്ടത്തിലൂടെ എനിക്ക് കടന്നു പോകേണ്ടി വരുന്നത് ഇത് ആദ്യമായാണ്' - ന്യൂസ് മിനിറ്റിനോട് ഡെലിവറി ബോയി ആയ കാമരാജ് പറഞ്ഞു.
ഓര്‍ഡര്‍ കൈപ്പറ്റിയതിനു ശേഷം ചന്ദ്രാനി പണം നല്‍കാന്‍ തയ്യാറായില്ലെന്നും കാമരാജ് പറഞ്ഞു. 'പണം നഷ്ടമാകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഓര്‍ഡറിന് പണം നല്‍കണമെന്ന് ഞാന്‍ അവരോട് അപേക്ഷിച്ചു. ആ സമയത്ത് അവരെന്ന് 'അടിമ' എന്നു വിളിക്കുകയും 'നിനക്ക് എന്ത് ചെയ്യാന്‍ കഴിയു'മെന്ന് ചോദിക്കുകയും ചെയ്തെന്നും ഡെലിവറി ബോയ് പറയുന്നു.
ഇതേസമയം, ഈ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതായി സൊമാറ്റോ സപ്പോര്‍ട്ട് എന്നെ അറിയിച്ചു. യുവതി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ ഇവര്‍ തയ്യാറായില്ലെന്നും ഡെലിവറി ബോയ് വ്യക്തമാക്കിയിരുന്നു.
No comments
Post a Comment