മെയ് നാലുമുതൽ ഒമ്പതുവരെ പുറത്തിറങ്ങേണ്ട ; ലോക്‌ഡൗണിനു സമാനമായ നിയന്ത്രണം
തിരുവനന്തപുരം:
മെയ് നാലുമുതൽ ഒമ്പതുവരെ സംസ്ഥാനത്ത് ലോക്‌ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നപോലെയാകും ഇവയും. അത്യാവശ്യ സർവീസുകൾമാത്രമേ അനുവദിക്കൂ. നിയന്ത്രണത്തിന്റെ കൃത്യമായ മാനദണ്ഡം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ നിയമം ആവശ്യമുള്ളിടങ്ങളിൽ ഉപയോഗിക്കും. രോഗം അതിവേഗം വ്യാപിക്കുന്നതിനാൽ അനാവശ്യമായി പുറത്ത് പോകില്ലെന്ന് നമ്മൾ തീരുമാനിച്ചേ തീരൂ. സിനിമ, ടിവി സീരിയൽ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ചിത്രീകരണങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കണം. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട് മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്ക് ധരിക്കണം. കൈയുറയും ഉപയോഗിക്കണം. സാധനങ്ങളുടെ പട്ടിക ഫോണിലോ വാട്സാപ്പിലോ നൽകിയാൽ കച്ചവടക്കാർ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ശ്രമിക്കണം. മാർക്കറ്റിലെ തിരക്ക് ഇങ്ങനെ കുറയ്‌ക്കാനാകും.
ഇതിനായി മാർക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാൻ പൊലീസിന് നിർദേശം നൽകി. സാമൂഹ്യ അകലം പാലിച്ച് നടത്താൻ കഴിയാത്ത പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണം.
No comments
Post a Comment