കോവിഡ് രോഗികൾ കൂടുന്നു : നിയന്ത്രണം കടുപ്പിച്ച് പയ്യന്നൂർ നഗരസഭ
പയ്യന്നൂർ:
സർക്കാരും പോലീസും ജനങ്ങളും ഒറ്റക്കെട്ടായി പ്രതിരോധിച്ചതിനെത്തുടർന്ന് പിടിച്ചുകെട്ടിയിരുന്ന കോവിഡ് പയ്യന്നൂരിലും പരിസരങ്ങളിലും വീണ്ടും വ്യാപിക്കുന്നു. ജില്ലയിൽ കൂടുതൽ കോവിഡ് രോഗികളുള്ള സ്ഥലമാണ് ഇപ്പോൾ പയ്യന്നൂർ നഗരസഭ. രണ്ടാം വ്യാപനം പയ്യന്നൂരിലും പരിസരങ്ങളിലും രൂക്ഷമാകുന്നുവെന്നതാണ് കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധന സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച മാത്രം പയ്യന്നൂർ നഗരസഭയിൽ 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ കഴിഞ്ഞ ഡിസംബർവരെ 950-ലേറെ പേർക്കാണ് നഗരസഭാ പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ മാത്രം ഇതിൽ കൂടുതൽ പേർക്ക് നഗരസഭാ പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. മരണങ്ങളുടെ എണ്ണം ഡിസംബർവരെ 14-ഉം കഴിഞ്ഞ മൂന്നുമാസത്തിനിടയ്ക്കുള്ളത് ഏഴുമാണ്.
രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിൽ കോവിഡ് നിയന്ത്രണം കടുപ്പിക്കാൻ നഗരസഭയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പോലീസ്, ആരോഗ്യവിഭാഗം എന്നിവ പരിശോധന കർശനമാക്കും. മാസ്ക് ധരിക്കുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, താലൂക്ക് ആസ്പത്രി സൂപ്രണ്ട് എം. രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.പി. മോഹനൻ, സുബൈർ, ഡെപ്യൂട്ടി തഹസിൽദാർ രാജൻ, സി.ഐ. എം.സി. പ്രമോദ്, ചേംബർ ഓഫ് കൊമേഴ്‌സ്, വ്യാപാരി വ്യവസായി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്, കേരള റീറ്റെയിൽ ഫൂട്ട്‌വേർ അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
മറ്റ് നിർദേശങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും വരുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ ഉറപ്പാക്കും.
പൊതുജനങ്ങളെ ബോധവത്കരണം നടത്തുന്നതിനായി നഗരസഭാ പ്രദേശങ്ങളിൽ വാഹന പ്രചാരണം നടത്തും.
വ്യാപാരസ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും സാനിറ്റൈസർ, ഉപഭോക്താക്കളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്താനുള്ള രജിസ്റ്ററുകൾ തുടങ്ങിയവ ഉറപ്പുവരുത്തും.
വിവാഹാഘോഷം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിലവിൽ പരിമിതപ്പെടുത്തിയ ആൾക്കാർ മാത്രം പങ്കെടുക്കുകയും പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കുകയും ചെയ്യണം.
വഴിയോര കച്ചവടസ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരേയും മാസ്ക് ധരിക്കാത്തവർക്കെതിരേയും കർശന നടപടി സ്വീകരിക്കും.
കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരേ പിഴയടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.
No comments
Post a Comment