തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: നിര്‍ദ്ദേശങ്ങളുമായി ജില്ലാ കലക്ടറുടെ കത്ത്
മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപിക്കുമ്പോള് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള വിവിധ നിര്‍ദ്ദേശങ്ങളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ കത്ത്. ജില്ലയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ നടത്തി വന്നിരുന്ന വിജയാഹ്ലാദ പ്രകടനങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു. കൂടാതെ അന്നേ ദിവസം പാലിക്കേണ്ട മറ്റ് നിബന്ധനകളും കത്തിലൂടെ പങ്ക് വെച്ചു.
വിജയമാഘോഷിക്കുന്നതിനായി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞുള്ള റോഡ് ഷോകള്‍ ഒഴിവാക്കുക, ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരേ ബൈക്കില്‍ യാത്ര ചെയ്തുള്ള ബൈക്ക് റാലികള്‍ നിരുത്സാഹപ്പെടുത്തുക, അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേര്‍ന്നുള്ള ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുക, എതിര് വിഭാഗത്തിലുള്ളവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയ്ക്കു മുന്നില്‍ പ്രകോപനപരമായി കൂട്ടം ചേര്‍ന്നുള്ള മുദ്രാവാക്യം വിളി ഒഴിവാക്കുക, വായുമലിനീകരണം ഉണ്ടാക്കുന്ന പടക്കം മുതലായവ ഒഴിവാക്കുക, എല്ലാ പ്രവര്‍ത്തകരും ഏറ്റവും ചെറിയ ഗ്രൂപ്പുകളായി, മാസ്ക്ക് ധരിച്ച്, സാമൂഹ്യ അകലം പാലിച്ചും, ഇടക്കിടക്ക് കൈ കഴുകി / സാനിറ്റൈസര്‍ ഉപയോഗിച്ചും വളരെ കുറഞ്ഞ സമയം മാത്രം വിജയാഹ്ലാദ പ്രകടനം നടത്തുക എന്നീ നിര്‍ദ്ദേശങ്ങളാണ് കലക്ടര്‍ കത്തിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്. എല്ലാവരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്ന അഭ്യര്‍ഥനയും കത്തിലുണ്ട്.
No comments
Post a Comment