കൊവിഡ്; ക്വാറന്റൈന്‍ നിരീക്ഷണത്തിന് സ്്‌പെഷ്യല്‍ ടീമുകള്‍
കൊവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ക്വാറന്റൈന്‍ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ റവന്യു, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചു. ജില്ലയില്‍ ക്വാറന്റൈന്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ഉത്തരവിന്റെ ഭാഗമാണ് നടപടി. നിയമിച്ച സ്‌പെഷ്യല്‍ ടീമുകളിലെ ഉദ്യോഗസ്ഥര്‍ താലൂക്ക് തഹസില്‍ദാര്‍ മുമ്പാകെ ഡ്യൂട്ടിക്ക് ഹാജരാകണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ അറിയിച്ചു.
ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റസ്‌പോണ്‍സ് ടീം നടപടികള്‍ സ്വീകരിക്കും.
കൂടാതെ പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പെട്രോളിംഗ്/ബൈക്ക് പട്രോളിംഗ്, ക്വാറന്റൈന്‍ ട്രാക്കിംഗ് തുടങ്ങിയ പ്രവൃത്തികള്‍ പുനരാരംഭിക്കും. ഉദ്യോഗസ്ഥരെ പ്രത്യേക മേഖലയായി തിരിച്ച് ജില്ലാ പോലീസ് മേധാവികള്‍ ഇത് ഉറപ്പു വരുത്തുകയും ദൈനംദിന റിവ്യൂ നടത്തി അതതു ദിവസത്തെ പുരോഗതി ഡിഡിഎംഎയെ അറിയിക്കാനും സംവിധാനമൊരുക്കും. കൊവിഡ് പോസിറ്റീവ് കേസുകള്‍, പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ തുടങ്ങിയവരെ ജില്ലാ തലത്തില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ട് ക്വാറന്റൈന്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ട് ഇതിന്റെ മേല്‍നോട്ടം വഹിക്കും. ഇതിന് പുറമെ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നേരിട്ട് പോയി നിരീക്ഷിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ നിയമിതരായിട്ടുള്ള സ്‌പെഷ്യല്‍ ഓഫീസര്‍മാരും പോലീസും ചേര്‍ന്നു കൊണ്ടുള്ള പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
ക്വാറന്റൈന്‍ ലംഘിക്കുന്ന കേസ്സുകള്‍ പ്രത്യേകം പരിശോധിച്ച് സ്‌ക്വാഡ് നിയമ നടപടികള്‍ സ്വീകരിക്കും. ഇതിനായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം പോലീസ് മേധാവികള്‍ ഉറപ്പാക്കും. ഇവര്‍ക്കാവശ്യമായ വാഹനങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ ആര്‍ടിഒയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തണം. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നല്‍കി ഈ വിവരങ്ങള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
No comments
Post a Comment